കുവൈറ്റ് ബസപകടം: മലയാളിയെ തിരിച്ചറിഞ്ഞു
Monday, September 29, 2014 6:17 AM IST
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം ഫഹഹീല്‍ എക്സ്പ്രസ്വേയില്‍ (30-ാം നമ്പര്‍ റോഡില്‍) കെജിഎല്‍ സര്‍വീസ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മലയാളി മരിച്ചതായി തിരിച്ചറിഞ്ഞു.

ചാവക്കാട് സ്വദേശി ഉമ്മര്‍ തായിന്റെകമ്മില്‍ മുഹമ്മദ് (44) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഷുവൈക്കിലുള്ള ഓര്‍മ ഫുഡ്സ്റ്വഫ് കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്നു ഉമ്മര്‍. വെള്ളിയാഴ്ച ഫാഹഹീലില്‍ പോകുന്ന വഴിയാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. കാണാതായതിനെതുടര്‍ന്ന് കമ്പനി അധികൃതര്‍ പോലീസ് സ്റേഷനിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു. എംബസിക്ക് നല്‍കിയ വിവരങ്ങള്‍ പ്രകാരം തിങ്കളാഴ്ച രാവിലെ എംബസിയില്‍ നിന്ന് കമ്പിനി അധികൃതരെ മരിച്ചത് ഉമ്മര്‍ ആണന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനി അധികൃതര്‍ നേരിട്ടെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി കുവൈറ്റിലുണ്ടായിരുന്നയാളാണ് ഉമ്മര്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍