പഴയിടം മോഹനന്‍ നമ്പൂതിരി കൈപുണ്യം കെഎസ്സി ഓണസദ്യ കെങ്കേമമായി
Saturday, September 27, 2014 8:01 AM IST
അബുദാബി : കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സെപ്റ്റംബര്‍ 26ന് (വെള്ളി) ഒരുക്കിയ ഓണസദ്യ മേന്മകൊണ്ടും ബഹുജന പങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധേയമായി.

കേരളത്തിലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളിലെ സദ്യയ്ക്ക് കഴിഞ്ഞ പത്തു വര്‍ഷമായി നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിയുടെ കൈപുണ്യം അറിയുന്നതിനായി യുഎഇയുടെ നാനാഭാഗങ്ങളില്‍ നിന്നായി 2,200 ലധികം പേര്‍ കേരള സോഷ്യല്‍ സെന്ററിലെത്തി.

ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, പത്നി ദീപാ സീതാറാം, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് നടരാജന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും ജെമിനി ബില്‍ഡിംഗ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു, എന്‍എംസി ഗ്രൂപ്പ് പ്രതിനിധി സീമ ഷെട്ടി, എം.കെ. ഗ്രൂപ്പ് പ്രതിനിധികളായ സലീം, പ്രദീപ്കുമാര്‍, അഷറഫ് തുടങ്ങി നിരവധി വ്യാപാര വ്യവസായ പ്രതിനിധികളും മാധ്യമപ്രവര്‍ ത്തകരും സെന്റര്‍ അങ്കണത്തില്‍ പ്രത്യേകം സജീകരിച്ച വേദിയില്‍ ഒരുക്കിയ സദ്യയില്‍ പങ്കുചേര്‍ന്നു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഓഡിറ്റര്‍ സുരേഷ് പാടൂര്‍, ഓണസദ്യ കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍, വനിതാവിഭഗം കണ്‍വീനര്‍ രമണിരാജന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പുരുഷ3മാരും സ്ത്രീകളും ഉള്‍പ്പെടെ മുന്നൂറിലേറെ പ്രവര്‍ ത്തകര്‍ ഓണസദ്യയ്ക്ക് നേതൃത്വം നല്‍കി.

എ.കെ. ബീരാന്‍ കുട്ടിയുടേയും ശ്രീകുട്ടന്റേയും നേതൃത്വത്തില്‍ നടന്ന നാടന്‍ പാട്ടുകളോടെയായിരുന്നു രാവിലെ 11 മുതല്‍ അഞ്ചു വരെ നീണ്ടുനിന്ന ഓണസദ്യയ്ക്ക് തിരശീല വീണത്.

തുടര്‍ന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുമായി 'രുചിയുടെ രസതന്ത്രം' എന്ന പേരില്‍ സംവാദം സംഘടിപ്പിച്ചു. കെഎസ്സി സദ്യയില്‍ തങ്ങളില്‍ കൌതുകമുണര്‍ത്തിയ വിവിധ വിഭവങ്ങളുടെ രുചിഭേദങ്ങളെ കുറിച്ചും ലോക ത്തിന്റെ വിവിധഭാഗങ്ങളില്‍ സദ്യ ഒരുക്കിയ പഴയിടത്തിന്റെ അനുഭവങ്ങളെ കുറിച്ചും സഹൃദയരുമായി പങ്കുവച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള