പ്രവാസി മരണാനന്തര ആശ്രിത പെന്‍ഷന്‍ പുനരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: എം.കെ. രാഘവന്‍ എംപി
Saturday, September 27, 2014 7:57 AM IST
റിയാദ:് സൌദി അറേബ്യയിലെ പ്രവാസികള്‍ വിദേശത്ത് മരിച്ചാല്‍ അവരുടെ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായം നല്‍കിയിരുന്നത് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോഴിക്കോട് ലോക്സഭാംഗം എം.കെ രാഘവന്‍ ഉറപ്പ് നല്‍കി.

ഹൃസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ എം.കെ രാഘവന്‍ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ ഹാമിദലി റാവുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

സൌദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ സ്വരൂപിച്ചിരുന്ന തൊഴിലാളി ക്ഷേമനിധി ഉപയോഗപ്പെടുത്തിയായിരുന്നു ഇത്തരം ധനസഹായം പാവപ്പെട്ട പ്രവാസിയുടെ കുടുംബങ്ങള്‍ക്ക് നല്‍കിപോന്നിരുന്നത്. ആദ്യം 75,000 രൂപ നല്‍കിയത് പിന്നീട് 60,000 രൂപയായി കുറച്ചിരുന്നു. പിന്നീട് വയലാര്‍ രവി പ്രവാസികാര്യ വകു മന്ത്രിയായിരിക്കെ വിദേശരാജ്യങ്ങളിലെ മുഴുവന്‍ എംബസികള്‍ക്കും പൊതുവായ വെല്‍ഫെയര്‍ ഫണ്ട് രൂപീകരിച്ചപ്പോള്‍ ഈ ധനസഹായം നിര്‍ത്തലാക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ ഈ ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നെന്നും അത് പുനരാരംഭിക്കണമെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഇത് പുനരാംരംഭിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് എഴുതിയിട്ടുണ്െടന്ന് പറഞ്ഞ അംബാസഡര്‍ ഇത് പുനരാരംഭിക്കണമെന്നത് ന്യായമായ ഒരാവശ്യമാണെന്ന് പറഞ്ഞു.

നിതാഖാത്ത് പൊതുമാപ്പ് വേളയില്‍ ഇന്ത്യന്‍ എംബസി ചെയ്ത സേവനങ്ങള്‍ക്ക് എം.കെ രാഘവന്‍ എംപി അംബാസഡറേയും എംബസി ഉദ്യോഗസ്ഥരേയും അഭിനന്ദിച്ചു. ഇരുപത് ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരില്‍ നിന്നും നിയമലംഘകരെ കണ്െടത്തി കൃത്യസമയത്ത് നാട്ടിലെത്തിക്കുക എന്നത് ഏറെ ശ്രമകരമായ ദൌത്യമായിരുന്നെന്നും അതിന് കഠിനാധ്വാനം ചെയ്തതിന്റെ ഗുണഫലങ്ങള്‍ മുഴുവന്‍ ഇന്ത്യക്കാരും അനുഭവിക്കുകയാണെന്നും എംപി പറഞ്ഞു. ഇന്ത്യയുടെ സല്‍പ്പേരിന് ഇത് തിലകക്കുറി ചാര്‍ത്തിയതായും ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഊഷ്മളത പകര്‍ന്നതായും എം.കെ രാഘവന്‍ അഭിപ്രായപ്പെട്ടു.

സൌദി അറേബ്യയിലെ ജയിലുകളില്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നിരവധി ഇന്ത്യക്കാര്‍ കഴിയുന്നതായി വിവരം ലഭിച്ചിട്ടുണ്െടന്നും അവരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസി പരമാവധി പരിശ്രമിക്കണമെന്നും അംബാസഡറോട് എംപി ആവശ്യപ്പെട്ടു. വിവിധ കേസുകളില്‍ വിചാരണത്തടവുകാരായി റിയാദിലെ ജയിലുകളില്‍ ഏഴ് വര്‍ഷത്തോളമായി കഴിയുന്ന കോഴിക്കോട് സ്വദേശികളായ ഫറൂഖ് സ്വദേശി അബ്ദുറഹീം, നല്ലളം സ്വദേശി നസീര്‍, മാവൂര്‍ കല്‍പ്പള്ളി സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരുടെ കാര്യത്തില്‍ എംബസി പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് എംപി അംബാസഡറോട് ആവശ്യപ്പെട്ടു. ഇവരുടെ കാര്യത്തില്‍ വേണ്ടതെല്ലാം എംബസി ചെയ്യുന്നുണ്െടന്നും നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടത് ചെയ്യാന്‍ സാമൂഹ്യ ക്ഷേമവിഭാഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും അംബാസഡര്‍ ഉറപ്പ് നല്‍കി.

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാലിക്കട്ട് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായാണ് എം.കെ രാഘവന്‍ എംപി റിയാദിലെത്തിയത്. എംബസിയില്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ചയില്‍ റിയാദിലെ ഒഐസിസി നേതാക്കളായ അസീസ് കോഴിക്കോട്, നവാസ് വെള്ളിമാടുകുന്ന്, സൌദി നോര്‍ക്ക കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍