ഷ്വെല്‍മില്‍ തിരുവോണം ആഘോഷിച്ചു
Friday, September 26, 2014 7:34 AM IST
ഷ്വെല്‍മ്: ജര്‍മനിയിലെ ഷ്വെല്‍മില്‍ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായുള്ള കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവോണം ആഘോഷിച്ചു. സെന്റ് മരിയന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു. റോമില്‍ നിന്നെത്തിയ ഫാ.സെബാസ്റ്യന്‍ മുട്ടംതൊട്ടില്‍ സിഎംഐ മുഖ്യകാര്‍മികനായി അര്‍പ്പിച്ച സമൂഹബലിയില്‍ ഫാ.തോമസ് ചാലില്‍ സിഎംഐ, ഫാ.ബിജു തൈപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി.

തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന തിരുവോണാഘോഷം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പ്രഫ.ഡോ.രാജപ്പന്‍ നായര്‍, ഫാ. തോമസ് ചാലില്‍, നവദമ്പതികളായ നെല്‍സന്‍, റിയാ തടത്തില്‍, കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഓണസന്ദേശം നല്‍കി. വൈദികരെ കൂടാതെ ജോളി തടത്തില്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍,വേള്‍ഡ് മലയാളി കൌണ്‍സില്‍), ജോസ് കുമ്പിളുവേലില്‍ (പത്രാധിപര്‍, പ്രവാസി ഓണ്‍ലൈന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സോബിച്ചന്‍ ചേന്നംങ്കരയുടെ നേതൃത്വത്തില്‍ ആലപിച്ച തിരുവോണഗാനം, വള്ളംകളി ഈരടികള്‍, ഫാ. ടോം, ലൂസി ഹൈസ്, ഡോ.ജോസ് പോണാട്ട്, പാട്രിക് എന്നിവരുടെ ഗാലാനാപനം, സര്‍പ്രൈസ് ഫണ്‍ ഗെയിം എന്നിവ ആഘോഷത്തിന്റെ മോടികൂട്ടി.

കൂട്ടായ്മയുടെ പ്രസിഡന്റ് മേഴ്സി തടത്തില്‍ സ്വാഗതം ആശംസിച്ചു. നെല്‍സന്‍, റിയാ തടത്തില്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഹൃദ്യമായ പൂക്കളവും ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു.

അമ്മിണി മണമയില്‍, മേരിമ്മ അത്തിമൂട്ടില്‍, ജോയ് ഇട്ടന്‍കുളങ്ങര,പുഷ്പ ഇലഞ്ഞിപ്പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍