ഇസ്ലാമിക് സ്റേറ്റില്‍ ചേര്‍ന്നിരിക്കുന്നത് മൂവായിരം യൂറോപ്യന്മാര്‍
Friday, September 26, 2014 7:31 AM IST
ബ്രസല്‍സ്: ഐഎസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൊടും ഭീകരതയുടെ പര്യായമായ ഇസ്ലാമിക് സ്റേറ്റ് സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ പൌരന്‍മാരുടെ എണ്ണം മൂവായിരത്തിനു മുകളിലെന്ന് വെളിപ്പെടുത്തല്‍. സിറിയയിലും ഇറാക്കിലുമായി ഇവര്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നു.

യൂറോപ്യന്‍ യൂണിയന്റെ ഭീകരവിരുദ്ധ വിഭാഗം മേധാവി ഗൈല്‍ ഡി കെര്‍ച്ചോവാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇറാക്കിലും സിറിയയിലും പാശ്ചാത്യരാജ്യങ്ങള്‍ ഭീകരര്‍ക്കെതിരേ വ്യോമാക്രമണം ആരംഭിച്ച സാഹചര്യത്തില്‍, അവരില്‍നിന്ന് ഇതിനു ശക്തമായ തിരിച്ചടികളും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യം ഇറാക്കില്‍ ഓഗസ്റ്റ് മുതല്‍ ഇതുവരെ ഇരുനൂറോളം വ്യോമാക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ സിറിയയിലും ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ഇറാക്കിലെ വ്യോമാക്രമണത്തില്‍ സഹകരിക്കുന്നതു സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് വെള്ളിയാഴ്ച വോട്ട് ചെയ്യാനിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍