പ്രധാനമന്ത്രിയുടെ മൈക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ ഉദ്ഘാടനം; ദൃക്സാക്ഷികളാകാന്‍ റിയാദിലെ വ്യവസായികളും
Friday, September 26, 2014 6:06 AM IST
റിയാദ്: ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച തുടക്കമിട്ട മൈക്ക് ഇന്ത്യ കാമ്പയിന്റെ ഉദ്ഘാടനചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സ്വദേശികളും വിദേശികളുമായ നിരവധി വ്യവസായികളും മാധ്യമ പ്രതിനിധികളുമെത്തി.

ഇന്ത്യയിലെ വാണിജ്യ വ്യവസായ സാധ്യതകള്‍ ലോകത്തെ അറിയിക്കാനും ലോകമെമ്പാടുമുള്ള വ്യവസായികളെ ഇന്ത്യയിലേക്കാകര്‍ഷിക്കുന്നതിനുമായാണ് പ്രധാനമന്ത്രി മൈക്ക് ഇന്‍ ഇന്ത്യ കാമ്പയിന് തുടക്കം കുറിച്ചത്.

ഡല്‍ഹിയില്‍ വ്യാഴാഴ്ച രാവിലെ 10ന് കാമ്പയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സൌദി സമയം 11ന് സൌദി ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്കിന്റെ (എസ്ഐബിഎന്‍) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ എബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹിയില്‍ നടന്ന ഉദ്ഘാടന പരിപാടികള്‍ മുഴുവനായും റിക്കാര്‍ഡ് ചെയ്ത് കാണിച്ചിരുന്നു. ഇത് വീക്ഷിക്കാനായി സൌദി അറേബ്യയിലെ സ്വദേശികളും വിദേശികളുമായ അനേകം വ്യവസായികള്‍ ഇന്ത്യന്‍ എംബസിയിലെത്തി. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തോടൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അസിം പ്രേംജി, കുമാരമംഗലം ബിര്‍ള തുടങ്ങിയവരുടെ പ്രസംഗങ്ങളും ഏറെ താത്പര്യത്തോടെയാണ് സൌദി വ്യവസായ പ്രമുഖര്‍ ശ്രവിച്ചത്.

ഡല്‍ഹിയിലെ ചടങ്ങുകള്‍ക്കുശേഷം ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു വ്യവസായികളുടെ ഇതോടനുബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. റിയാദ് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ മൈക്ക് ഇന്‍ ഇന്ത്യയുടെ വെബ് സൈറ്റിലേക്കുള്ള പ്രത്യേക ലിങ്ക് ചേര്‍ത്തിട്ടുള്ളതായും ഇതിനെക്കുറിച്ച് തുടര്‍ന്നും എന്ത് സംശയമുണ്െടങ്കിലും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണെന്നും അംബാസഡര്‍ അറിയിച്ചു. കൊമേഴ്സ് വിഭാഗം തലവന്‍ പി.കെ അഗര്‍വാള്‍, ഇന്‍ഫര്‍മേഷന്‍ വിഭാഗം തലവന്‍ ഹിഫ്സുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍