സ്പെയിനില്‍ ഗര്‍ഭഛിദ്രം നിയന്ത്രിക്കാനുള്ള നിയമനിര്‍ദേശം പ്രധാനമന്ത്രി തള്ളി
Wednesday, September 24, 2014 7:45 AM IST
മാഡ്രിഡ്: ഗര്‍ഭഛിദ്രം കര്‍ക്കശമായി നിയന്ത്രിക്കാനുള്ള നിയമനിര്‍ദേശം സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് തള്ളി. ബലാത്സംഗത്തിലൂടെ ഗര്‍ഭം ധരിച്ചവര്‍ക്കും ഗര്‍ഭാവസ്ഥ കാരണം ജീവനു ഭീഷണി നേരിടുന്നവര്‍ക്കും മാത്രമായി ഗര്‍ഭഛിദ്രത്തിനു അവകാശം പരിമിതപ്പെടുത്താനാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്.

രജോയിയുടെ പാര്‍ട്ടി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു ഇങ്ങനെയൊരു നിയമ നിര്‍മാണം. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു പിന്‍വലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മാഡ്രിഡ് മുന്‍ മേയറും രാജ്യത്തെ നീതിന്യായ മന്ത്രിയുമായ ആല്‍ബെര്‍ട്ടോ റൂയിസ് ഗാല്ലാര്‍ഡോണ്‍ തല്‍സ്ഥാനം രാജിവച്ചു.

ഇതിനു പകരം, പതിനേഴു വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ മാതാപിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കും. ഇപ്പോഴത്തെ നിയമപ്രകാരം ഗര്‍ഭകാലം പതിനാലാഴ്ച പിന്നിടുന്നതു വരെ ഗര്‍ഭഛിദ്രം സ്പെയ്നില്‍ നിയമവിധേയമാണ്.

1985 ലാണ് ബലാത്സംഗം, ഗര്‍ഭിണിയുടെ ആരോഗ്യം എന്നീ കേസുകളില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയത്. 2010 ല്‍ ഇതു കൂടുതല്‍ ഉദാരമാക്കുകയായിരുന്നു.

ഇതിനിടെ ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമം കര്‍ക്കശമാക്കണമെന്നാവശ്യപ്പെട്ട് സ്പാനിഷ് തലസ്ഥാനത്ത് ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. ഇത്തരത്തിലൊരു നിയമ നിര്‍ദേശം സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നെങ്കിലും ഇത് നടപ്പാക്കാന്‍ വൈകുകയാണെന്ന വിമര്‍ശനമുയര്‍ത്തിയാണ് പ്രകടനം നടന്നത്. നിയമനിര്‍ദേശം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു.

യെസ് ടു ലൈഫ്, നോ ടു അബോര്‍ഷന്‍ എന്നെഴുതിയ ബാനറുകളും പ്ളക്കാര്‍ഡുകളുമായാണ് പ്രകടനക്കാര്‍ അണിനിരന്നത്. ഗര്‍ഭഛിദ്രം അനുവദിക്കുന്ന പാര്‍ട്ടിക്ക് വോട്ടില്ലെന്ന മുന്നറിയിപ്പുകളും കൂട്ടത്തില്‍ പ്രത്യക്ഷപ്പെട്ടതും ഏറെ ശ്രദ്ധേയമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍