ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്ന കുടുംബ സംഗമം സംഘടിപ്പിച്ചു
Wednesday, September 24, 2014 6:18 AM IST
വിയന്ന: മലയാളി സാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യ അംഗങ്ങള്‍ക്കുവേണ്ടി ഓണസദ്യയും കുടുംബസംഗമവും നടത്തി. പതിമൂന്നാമത്തെ ജില്ലയില്‍ നടന്ന ആഘോഷത്തില്‍ പ്രസിഡന്റ് സജി മതുപുറത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായിരുന്ന ഫാ. ഡേവിസ് കളപുരയ്ക്കല്‍ ഭദ്രദീപം തെളിച്ച് സന്ദേശം നല്‍കി. നല്ല നാളെകള്‍ മഹാബലിയുടെയും വാമനന്റെയും കാലത്തെ ഓര്‍മയായി മാത്രം ആഘോഷിക്കാതെ എല്ലാവരും ഒരുമയിലും സ്നേഹത്തിലും ഓരോ ദിവസവും കൂടുതല്‍ ശക്തി പ്രാപിക്കുമ്പോള്‍, എന്നും തുടരുന്ന ഉത്സവമായി ഓണം മനസില്‍ നിറയുമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ വിശിഷ്ടാതിഥിയായിരുന്നു.

ഫൈന്‍ ആര്‍ട്സ് ഇന്ത്യ സമ്മര്‍ ഫെസ്റില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഫാ. ഡേവിസും ഫാ. ജോഷിയും സമ്മാനദാനം നിര്‍വഹിച്ചു.

സെപ്റ്റംബറില്‍ ജന്മദിനം ആഘോഷിച്ചവര്‍ക്ക് സംഘടന ആശംസകള്‍ അറിയിക്കുകയും അംഗങ്ങള്‍ക്കുവേണ്ടിയുള്ള അര്‍ധവാര്‍ഷിക സമ്മേളനവും ഓണസദ്യയോടൊപ്പം സംഘടിപ്പിച്ചു. സംഘടനയിലെ അംഗങ്ങള്‍ക്കൊപ്പം പ്രധാന സ്പോണ്‍സറും ഉത്സവ് 2014ല്‍ പങ്കെടുത്ത ചില കലാകാരന്മാരുടെ കുടുംബങ്ങളും സദ്യയില്‍ പങ്കെടുത്തു. ആര്‍ട്സ് ക്ളബ് സെക്രട്ടറി ഷാജി ചേലപ്പുറത്ത് നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി