ഈസ്റ്ഹാം സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി
Wednesday, September 24, 2014 6:11 AM IST
കേംബ്രിഡ്ജ്: സീറോ മലബാര്‍ ഈസ്റ്ഹാം മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ശനിയാഴ്ച ട്രിനിറ്റി ഹാളില്‍ രാവിലെ 10 ന് ഫാ. ജോസ് അന്ത്യാംകുളത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു.

ഈസ്റ് ഹാം എംപി സ്റ്റീഫന്‍ തിംസ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കൌണ്‍സിലര്‍മാരായ ജോസ്, ഫിലിപ്പ് ഏബ്രഹാം, പോള്‍ സത്യനേശന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

മാവേലി മന്നനെ എതിരേറ്റു തുടങ്ങിയ ആഘോഷം പരിപാടികള്‍ കേരളത്തനിമ വിരിച്ചോതുന്ന വര്‍ണാഭമായ പൂക്കളമത്സരം, പായസ മത്സരം, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവേറെ വടംവലി തുടങ്ങി ആവേശകരമായ ഒട്ടനവധി മത്സരങ്ങള്‍ നടത്തപ്പെട്ടു. ആര്‍ഭാട തിമിര്‍പ്പില്‍ കരഘോഷം മുഴക്കി ആര്‍പ്പു വിളികളോടെയാണ് എല്ലാവരും മത്സരത്തില്‍ പങ്കെടുത്തത്.

മിഠായി പെറുക്കല്‍, കസേരകളി, അപ്പംകടി കൂടാതെ ഒട്ടനവധി ആവേശം കൊള്ളിക്കുന്ന മത്സരങ്ങളില്‍ കുട്ടികള്‍ പുതുമയോടെ പങ്കെടുത്തു. പരിപാടികള്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വെവേറെ ഹാളുകളിലായിട്ടാണ് പരിപാടികള്‍ ഒരുക്കിയത്. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച ഓണ സദ്യയില്‍ ഒട്ടനവധി ആളുകള്‍ പങ്കുചേര്‍ന്നു.

മൂന്നിന് ആരംഭിച്ച കലാപരിപാടികളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തനൃത്യങ്ങളും നാടകവും പാട്ടുകളും ദൃശ്യവിസ്മയം തീര്‍ത്തു. പ്രമുഖ ഹാസ്യ നടന്‍ പിഷാരടിയുടെ സാന്നിധ്യവും ഓണാശംസകളും ചടങ്ങുകള്‍ക്ക് മോടികൂട്ടി. മത്സരവിജിയകള്‍ക്ക് സമ്മാനദാനം വിതരണം ചെയ്തു.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച കോഓര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസിനെയും കമ്മിറ്റി അംഗങ്ങളെയും കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാപ്രതിഭകളെയും ആഘോഷത്തിനു മേല്‍നോട്ടം വഹിച്ച ഏവരേയും ചാപ്ളെയിന്‍ ഫാ. ജോസഫ് അന്ത്യാംകുളവും ട്രഷറര്‍ പോള്‍ കുരുവിളയും അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍