ജിഹാദികള്‍ക്ക് നിരോധനവുമായി ഓസ്ട്രിയ
Tuesday, September 23, 2014 7:47 AM IST
വിയന്ന: ഓസ്ട്രിയന്‍ യുവാക്കളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജിഹാദികള്‍ക്കെതിരെ കടുത്ത നടപടികളുമായി ഓസ്ട്രിയന്‍ സര്‍ക്കാര്‍. 2015 ജനുവരി മുതല്‍ കര്‍ശന നടപ

ടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിയമനിര്‍മാണത്തിലാണ് ഓസ്ട്രിയന്‍ നിയമവകുപ്പ്. 140 ഓസ്ട്രിയന്‍ യുവാക്കള്‍ സിറിയയിലും ഇറാഖിലുമായി യുദ്ധം ചെയ്യുകയും 30 പേര്‍ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണം. പുതിയതായി ഏഴ് വകുപ്പുകളാണ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

പുതിയ വകുപ്പുകള്‍ അനുസരിച്ച് ഇസ്ലാമിക് സ്റേറ്റ്, അല്‍ ക്വായ്ദയടക്കമുള്ള 18 തീവ്രവാദ സംഘടനകളുടെ ചിഹ്നങ്ങളും അടയാളങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കും. ജിഹാദില്‍ പങ്കെടുക്കന്നവര്‍ക്ക് ഓസ്ട്രിയന്‍ പൌരത്വം നഷ്ടപ്പെടും. കൂടാതെ ഇരട്ട പൌരത്വമുള്ള ജിഹാദികളുടെ ഓസ്ട്രിയന്‍ പൌരത്വം നഷ്ടപ്പെടുന്നതായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി യോഹാന്ന മിക്കി ലൈറ്റ്നര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി രക്ഷിതാക്കളുടെ അനുമതിയില്ലാതെ കടന്നുപോകാന്‍ അനുവദിക്കില്ല. പരിശോധനയ്ക്കായി ഇരുപത് വിദഗ്ധരടങ്ങുന്ന തീവ്രവാദ എക്സ്പോര്‍ട്ട് കമ്മിറ്റി രൂപീകരിക്കും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിക്കും സംഘടനകള്‍ക്കും പിഴ ഈടാക്കും. തീവ്രവാദ കേസുകളില്‍ പെടുന്നവരെ തുറങ്കിലടയ്ക്കും.

അധ്യാപകരേയും വിദ്യാര്‍ഥികളേയും സംഘടനകളേയും ബോധവത്കരിക്കും. ഇത്തരം നടപടികളിലൂടെ ഓസ്ട്രിയന്‍ യുവജനങ്ങള്‍ തീവ്രവാദ സംഘടനയുടെ ചട്ടങ്ങളാകുന്നത് തടയാനാകുമെന്ന് ആഭ്യന്തരമന്ത്രി മിക്കി ലൈറ്റ്നര്‍, നിയമമന്ത്രി ബ്രാന്‍ഡ് സ്റ്റെറ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍