സഭ അവതരിപ്പിക്കുന്ന 'ഗുരുനാദം' ഒക്ടോബര്‍ മൂന്നിന്
Tuesday, September 23, 2014 4:53 AM IST
കുവൈറ്റ്: ഭാരതീയ ശാസ്ത്രീയ കലകളുടെ ഉന്നമനത്തിനായി ആസ്വാദകരും കലാകാരന്മാരും ചേര്‍ന്ന് രൂപം കൊടുത്ത 'സഭ' ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമായി, ശാസ്ത്രീയ സംഗീത നൃത്ത പരിപാടികള്‍ക്ക് മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട് സഭയുടെ മൂന്നു സംരംഭങ്ങള്‍ ഇതിനോടകം വിജയമായി.

വിജയദശമി ദിനമായ ഒക്ടോബര്‍ മൂന്നിന് (വെള്ളി) രാവിലെ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. പുതുതായി എഴുത്തിനിരുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്തെ വിചക്ഷണന്മാര്‍ ആദ്യാക്ഷരം കുറിക്കും.

യാതൊരു വിവേചനവും കൂടാതെ, തികച്ചും സൌജന്യമായാണ് വിദ്യാരംഭം നടത്തുന്നത്.

വൈകിട്ട് 6.30 ന് സംഗീത ലോകത്തെ ഗുരു പ്രഫ. മാവേലിക്കര പി. സുബ്രഹ്മണ്യം, വയലിന്‍ വിദഗ്ധന്‍ പ്രഫ. തിരുവിഴ ഉല്ലാസ് എന്നിവര്‍ പങ്കെടുക്കുന്ന ഗുരുവന്ദനം പരിപാടിയില്‍ സംഗീത വിദ്യാര്‍ഥികള്‍ക്കും സംഗീത കുതുകികള്‍ക്കും പങ്കെടുക്കാം.

തുടര്‍ന്ന്, പ്രഫ. മാവേലിക്കര പി. സുബ്രഹ്മണ്യം നയിക്കുന്ന കര്‍ണാടക സംഗീത കച്ചേരി നടക്കും. വയലിനില്‍ പ്രഫ. തിരുവിഴ ഉല്ലാസ്, മൃദംഗത്തില്‍ പെരുന്ന ഹരികുമാര്‍, ഘടത്തില്‍ രാഗേഷ് രാമകൃഷ്ണന്‍ എന്നിവര്‍ പക്കമേകും.

സഭ ചെയര്‍മാന്‍ വിജയ് കാരയില്‍ സാല്‍മിയ ഇന്ത്യന്‍ കമ്യുണിറ്റി സ്കൂള്‍ (ജുണിയര്‍) അങ്കണത്തില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍