വിശുദ്ധിയുടെ സന്ദേശമോതി സമസ്ത ബഹ്റിന്‍ ഹജ്ജ് യാത്രയയപ്പ് സംഗമം
Tuesday, September 23, 2014 4:51 AM IST
മനാമ: പാപക്കറകളില്‍ നിന്ന് മോചനം നേടി വിശുദ്ധിയുടെ പരിഭാവനത്വം കാത്തു സൂക്ഷിക്കാന്‍ വിശ്വാസിയെ പ്രാപ്തമാക്കുന്ന പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ അനുഷ്ഠാനമുറകള്‍ യഥാര്‍ഥ അറിവോടുകൂടി നിര്‍വഹിക്കാന്‍

ഹജ്ജ് യാത്രികര്‍ മുന്നോട്ട് വരണമെന്ന് പണ്ഡിതനും സമസ്ത ബഹ്റിന്‍ വൈസ്പ്രസിഡന്റുമായ സൈദലവി മുസ്ലിയാര്‍ ഉദ്ബോധിപ്പിച്ചു.

സമസ്ത കേരള സുന്നീ ജമാഅത്തിന്റെ ഈ വര്‍ഷത്തെ ഹജ്ജ് സംഘത്തിന് മനാമ മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സലിം ഫൈസി പന്തീരിക്കര അധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്റിന്‍ പ്രസിഡന്റ് എസ്.വി ജലീല്‍, ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എം.സി മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, അബ്ദുള്‍ മജീദ് ചോലക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഹജ്ജ് അനുഷ്ഠാനങ്ങളെ ലളിതമായി മനസിലാക്കാന്‍ പ്രത്യേകം തയാര്‍ ചെയ്ത സ്ളൈഡ് പ്രസന്റേഷന്‍ ഹാജിമാര്‍ക്ക് ഏറെ സഹായകമായി. ഹജ്ജ് സംഘത്തിന്റെ അമീര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, സംഘത്തിന്റെ സെക്രട്ടറി താജുദ്ദീന്‍ മുണ്േടരി മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുള്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.