സുറിച്ചില്‍ ഡബ്ള്യുഎംസി യുത്ത് ഫെസ്റിവല്‍, കേരളപിറവി ആഘോഷങ്ങള്‍ നവംബര്‍ ഒന്നിന്
Monday, September 22, 2014 5:45 AM IST
സുറിച്ച്ഃ വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) സ്വിസ് പ്രൊവിന്‍സും യുത്ത് ഫോറവും സംയുക്തമായി നടത്തി വരുന്ന കേരളപിറവി ആഘോഷങ്ങളും യുത്ത് ഫെസ്റിവലും നവംബര്‍ ഒന്നിന് സുറിച്ചിലെ കുസ്നാഹ്റ്റിലുള്ള ഹെസ്ളി ഹാളില്‍ ഈ വര്‍ഷവും നടത്തുന്നു.

ദൃശ്യ മാധ്യമ ലോകത്തെ കുലപതിയും കൈരളി ചാനല്‍ മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് ആഘോഷങ്ങളിലെ മുഖ്യാതിഥി ആയിരിക്കുമെന്ന് പ്രൊവിന്‍സ് പ്രസിടന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ അറിയിച്ചു.

പ്രശസ്ത സിനി ആര്‍ട്ടിസ്റുകളായ അര്‍ച്ചന കവി, കോട്ടയം നസീര്‍, ഗായകരായ സയനോര, ഫ്രാങ്കോ, ഹാസ്യ കലാകാരന്മാരായ രാജാ സാഹിബ്, സിറാജ് പയ്യോളി, എന്നിവരുടെ നേതൃത്വത്തിലുളള 'വിഷന്‍ 2014' എന്ന ആകര്‍ഷണിയമായ സ്റേജ് ഷോ കേരളപിറവി ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടും.

സ്വിറ്റ്സര്‍ലന്‍ഡിലെ എല്ലാ മേഖലകളില്‍ നിന്നും യുവതി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യത്യസ്തമായൊരു കലാമേളക്കായ് യുത്ത് ഫോറവും അണിയറയില്‍ ഒരുങ്ങുകയാണ്.

പ്രൊവിന്‍സ് ചെയര്‍മാന്‍ ജോഷി പന്നാരക്കുന്നേല്‍, പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, സെക്രട്ടറി ജോഷി താഴത്തുകുന്നേല്‍, ട്രഷറര്‍ ബാബു കാശാംകാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ സുറിച്ചില്‍ കൂടിയ സംഘടനയുടെ കമ്മിറ്റി ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തനം ആരംഭിച്ചു. സ്വിറ്റ്സര്‍ലന്റിലെ എല്ലാ മലയാളികളെയും കേരളപിറവി ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ജിമ്മി അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍