സാഹിത്യവേദിയില്‍ കെ. കുഞ്ഞികൃഷ്ണന് സ്വീകരണം നല്‍കി
Saturday, September 20, 2014 7:54 AM IST
ഷിക്കാഗോ: തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടറും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന കെ. കുഞ്ഞികൃഷ്ണന് ഷിക്കാഗോ സാഹിത്യവേദിയില്‍ സ്വീകരണം നല്‍കി. മൌണ്ട് പ്രോസ്പെക്ടസിലെ കണ്‍ട്രി ഇന്‍ ആന്‍ഡ് സ്വീറ്റില്‍ ചേര്‍ന്ന സാഹിത്യവേദിയുടെ 182-മത് യോഗത്തില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ (റിട്ട) പ്രഫ. ഇ.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു.

തികഞ്ഞ സാഹിത്യാസ്വാദകന്‍ കൂടിയായ കെ. കുഞ്ഞികൃഷ്ണന്‍ തന്റെ പ്രസംഗത്തില്‍ മലയാളികളുടെ വിദേശ കുടിയേറ്റ സമൂഹങ്ങളില്‍ നിന്നുള്ള രചനകള്‍ക്ക് കേരള സാഹിത്യ മുഖ്യധാരയില്‍ വ്യക്തവും പ്രധാനവുമായ ഒരു സ്ഥാനമുണ്െടന്ന് ചൂണ്ടിക്കാട്ടി. വടക്കേ അമേരിക്കയില്‍ കുടിയേറിയ എഴുത്തുകാരില്‍ നിന്നും മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്ന ഒരുപാട് രചനകള്‍ ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മണ്‍മറഞ്ഞുപോയ നാടക രചയിതാവും സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ സി.ജെ. തോമസിന്റെ ജീവിതവും രചനകളുമായിരുന്നു സെപ്റ്റംബര്‍ മാസത്തെ സാഹിത്യവേദിയില്‍ ചര്‍ച്ച ചെയ്തത്. സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ ജോണ്‍ ഇലക്കാട്ട്, സി.ജെ. തോമസിനെപ്പറ്റിയുള്ള പ്രബന്ധം അവതരിപ്പിച്ചു. ഗ്രന്ഥകാരനെപ്പറ്റിയും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സാഹിത്യ സംഭാവനകളെപ്പറ്റിയുമുള്ള പണ്ഡിതോചിതമായ പ്രബന്ധം ഏവരും ആസ്വദിച്ചു.

ജൂലൈയില്‍ കേരളത്തില്‍ നടന്ന ലാനാ കണ്‍വന്‍ഷന്റെ പ്രഥമ സ്പോണ്‍സറായ ജോസ് ആന്‍ഡ് ലീല പുല്ലാപ്പള്ളിക്ക് ലാനയുടെ ഉപഹാരം മുഖ്യാതിഥി കെ. കുഞ്ഞികൃഷ്ണന്‍ സമ്മാനിച്ചു. ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ ചെറുകഥാ സമാഹാരമായ 'ഹിച്ച് ഹൈക്കറി'ന്റെ അമേരിക്കയിലെ പ്രകാശനം പ്രഫ. ഇ.ജെ. ജേക്കബിന് പുസ്തകത്തിന്റെ കോപ്പി നല്‍കി കെ. കുഞ്ഞികൃഷ്ണന്‍ നിര്‍വഹിച്ചു.

സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട് സ്വാഗതം ആശംസിച്ചു. ഷാജന്‍ ആനിത്തോട്ടം കൃതജ്ഞതയര്‍പ്പിച്ചു. ജോണ്‍ ആന്‍ഡ് മേരിക്കുട്ടി ഇലക്കാട്ടാണ് പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തത്. സമ്മേളനത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം