റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷനംഗം
Saturday, September 20, 2014 7:37 AM IST
ബാംഗളൂര്‍: കത്തോലിക്കാ സഭയുടെ അന്തര്‍ദ്ദേശീയ ദൈവശാസ്ത്ര കമ്മീഷനംഗമായി ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിലെ ദൈവശാസ്ത്രവിഭാഗം തലവന്‍ റവ.ഡോ. തോമസ് കൊല്ലംപറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

ദൈവശാസ്ത്രവിഷയങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഈ രംഗത്തെ നൂതന പ്രവണതകളെ സംബന്ധിച്ച് പഠനം നടത്തുകയും ആധികാരികമായ അഭിപ്രായം സഭയുടെ വിശ്വാസതിരുസംഘത്തിനും മാര്‍പാപ്പക്കും നല്‍കുകയും ചെയ്യുന്ന ദൈവശാസ്ത്രവിദഗ്ധരുടെ സമിതിയാണിത്. മുപ്പതു അംഗങ്ങളുള്ള ഇപ്പോഴത്തെ കമ്മീഷനിലെ ഏക ഇന്ത്യക്കാരനായ ഫാ.തോമസ്, ഈ പദവിയിലെത്തുന്ന ആദ്യത്തെ സിഎംഐ സഭാംഗവുമാണ്.

പാലാ, മുത്തോലി സ്വദേശിയായ ഡോ. തോമസ് കൊല്ലംപറമ്പില്‍, റോമിലെ അഗസ്റീനിയന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും സുറിയാനി ഭാഷയില്‍ ബിരുദാനബിരുദവും നേടിയിട്ടുണ്ട്. സഭാപിതാക്കന്മാരുടെ രചനകളിലും ദൈവശാസ്ത്രത്തിലും അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. പൌരസ്ത്യ സഭാപിതാക്കന്മാരുടെ രചനകള്‍ പലതും സുറിയാനിയില്‍ നിന്നും തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിന്റെ പ്രസിഡന്റായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ സീറോ-മലബാര്‍ സഭയുടെ ദൈവശാസ്ത്ര കമ്മീഷനംഗമായും പ്രവര്‍ത്തിക്കുന്നു.

ജഗദല്‍പൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്റെ ഇളയ സഹോദരനാണ് റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍.