കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യുജഴ്സി സില്‍വര്‍ ജൂബിലിയും ഓണാഘോഷവും നടത്തി
Friday, September 19, 2014 7:34 AM IST
ന്യൂജഴ്സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി ഓണാഘോഷത്തോടൊപ്പം സില്‍വര്‍ ജൂബിലിയും ആഘോഷിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്കും ഘോഷയാത്രയ്ക്കും ശേഷം നടത്തിയ പൊതുസമ്മേളനം കേരള റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ബര്‍ഗന്‍ കൌണ്ടി എക്സിക്യൂട്ടീവ് കാത്ത്ലീന്‍ ഡോണവന്‍, ടീനെക്ക് മേയര്‍ ലിസെറ്റ് പാര്‍ക്കര്‍, ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ നോര്‍മന്‍ ഷ്മെല്‍സ്, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ന്യുയോര്‍ക്ക് കോണ്‍സല്‍ ജി. ശ്രീനിവാസ റാവു എന്നിവരും വിവിധ സാമൂഹ്യ, സാംസ്കാരിക, ആത്മീയ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ജാതി മത ഭേദമന്യേ എല്ലാ മലയാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്താനും നമ്മുടെ നാടിന്റെ ഭാഷയും സംസ്കാരവും നിലനിര്‍ത്താനും വരും തലമുറയ്ക്ക് കൈമാറാനും രൂപം കൊണ്ട കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അടൂര്‍ പ്രകാശ് പ്രശംസിച്ചു. സുനാമി പോലുളള വന്‍ ദുരന്തങ്ങള്‍ക്കിരയാവര്‍ക്ക് സഹായമെത്തിച്ചതില്‍ സംഘടനാ പ്രവര്‍ത്തകരെ അഭിനന്ദിച്ച മന്ത്രി തുടര്‍ന്നും അസോസിയേഷന്റെ സഹായം അഭ്യര്‍ഥിച്ചു.

2015 ഓടെ സ്വന്തമായി ഭൂമിയില്ലാത്ത ഒരു കുടുംബം പോലും കേരളത്തില്‍ ഉണ്ടാകരുതെന്നത് ലക്ഷ്യമിട്ട് റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നടപ്പാക്കുന്ന ഭൂരഹിത വിമുക്ത കേരളം എന്ന മഹത്തായ യജ്ഞത്തില്‍ ഭാഗഭാക്കുകളാകുവാനും ഏവരേയും അദ്ദേഹം ആഹ്വാനം ചെയ്തു. 10 സെന്റ് ഭൂമി മാത്രം സ്വന്തമായി ഉണ്ടായിരിക്കെ ഭൂരഹിതരുടെ വേദനയകറ്റുവാന്‍ ഉളളതില്‍ നിന്നും മൂന്നു സെന്റു സ്ഥലം ദാനം ചെയ്ത കണ്ണൂരിലെ വില്ലേജ് ഓഫീസര്‍ നസീമയാണ് ഈ പദ്ധതിക്ക് രൂപം കൊടുക്കുവാന്‍ പ്രചോദനമായെതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തം അദ്ദേഹം സ്വാഗതം ചെയ്തു.

കേരള കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ദാസ് കണ്ണംകുഴിയില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അതിന്റെ മുമ്പോട്ടുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവതലമുറയെ ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് ജോയി ചാക്കപ്പന്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. കേരള കള്‍ച്ചറല്‍ ഫോറം ട്രഷറര്‍ വര്‍ഗീസ് ജേക്കബും സജില്‍ ജോര്‍ജും ചേര്‍ന്ന് തയാറാക്കിയ സംഘടനയുടെ 25 വര്‍ഷത്തെ ചരിത്രം, സമൂഹത്തിനു നല്‍കിയ സംഭാവനകള്‍, സംഘടനയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തികളുടെ സംഭാവനകള്‍ എന്നിവ അടങ്ങുന്ന സ്ളൈഡ് ഷോ അവതരിപ്പിച്ചു. എഫി മാത്യു അമേരിക്കന്‍ ദേശീയ ഗാനവും ഏബ്രഹാം മാത്യു ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

സംഘടനയുടെ സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ ടി.എസ്. ചാക്കോ നമ്മുടെ കലാ, സാംസ്കാരിക, സാമൂഹ്യ മൂല്യങ്ങള്‍ പരിപോഷിപ്പിക്കുവാനും വരും തലമുറക്ക് കൈമാറുന്നതിനുമാണ് കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യുജഴ്സിക്ക് രൂപം കൊടുത്തതെന്ന് അനുസ്മരിച്ചു. ഈ യജ്ഞത്തില്‍ പങ്കാളികളായ പരേതരായ വര്‍ഗീസ് ചാണ്ടി, ഫിലിപ്പ് വി. ഫിലിപ്പ്സ്, ദാനിയേല്‍ ജോണ്‍ എന്നിവരെ സ്മരിക്കുകയും പ്രിയ പത്നിയുടെ വേര്‍പാടും അനുസ്മരിച്ചു.

മലയാളം സ്കൂള്‍, ഡാന്‍സ് സ്കൂള്‍ തുടങ്ങിയവ ത്യാഗം സഹിച്ച് ആരംഭിച്ചുവെന്നും രാഷ്ട്രീയ സംഘടനയല്ലെങ്കില്‍പോലും കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ അംഗങ്ങളായവര്‍ അമേരിക്കയിലെ രാഷ്ട്രീയ മേഖലയില്‍ എത്തുവാന്‍ സംഘടന വേണ്ട പ്രോത്സാഹനവും പിന്തുണയും നല്‍കിയിട്ടുണ്െടന്നും കാലോചിതമായ പരിപാടികളും പദ്ധതികളുമായി മാതൃകാ സംഘടനയായി കേരള കള്‍ച്ചറല്‍ ഫോറം മുന്നേറുമെന്നും സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്നുംടി.എസ് ചാക്കോ പ്രസ്താവിച്ചു.

ബര്‍ഗന്‍ കൌണ്ടി എക്സിക്യൂട്ടീവ് കാത്ത്ലിന്‍ ഡോനവന്‍ കേരളത്തനിമയില്‍ സാരിയുടുത്ത് ചടങ്ങില്‍ പങ്കെടുത്തത് കൌതുക കരമായിരുന്നു. ഇന്ത്യന്‍ വംജരായ കൌണ്ടി നിവാസികളുടെ സേവനം വിലപ്പെട്ടതാണെന്നും മുഖ്യധാരയിലേക്ക് അവര്‍ കൂടുതലായി കടന്നുവരണമെന്നും കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തില്‍ നിങ്ങളിലൊരാളായി പങ്കെടുക്കാനിടയായതില്‍ അതിയായ സന്തോഷമുണ്െടന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറലിന്റെ പ്രതിനിധി കോണ്‍സല്‍ ശ്രീനിവാസ റാവു, ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ നോര്‍മെന്‍ ഷ്മെല്‍സ്, ടീനെക്ക് മേയര്‍ ലിസെറ്റ് പാര്‍ക്കര്‍, സിറോ മലബാര്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ക്രിസ്റ്റി, നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് രഘുവരന്‍ നായര്‍, ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിളളില്‍, ഐഎന്‍ഒസി പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ബാബു കെ. മാത്യു, റോക്ക്ലാന്‍ഡ് കൌണ്ടി ലജിസ്ളേറ്റര്‍ ആനി പോള്‍, ഫാ. ജോണ്‍ മാത്യു, സില്‍വര്‍ ജൂബിലി ചെയര്‍മാന്‍ ദേവസി പാലാട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ ഉദിദ് ചൈതന്യ സ്വാമിജിയുടെ ഓണസന്ദേശം വായിച്ചു. ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ തന്റെ പ്രസംഗമധ്യേ മന്ത്രിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിലെ ഭൂരഹിതര്‍ക്കായി 10 സെന്റ് സ്ഥലം നല്‍കുമെന്ന് അറിയിച്ചു.

സില്‍വര്‍ ജൂബിലിയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ കേരള കള്‍ച്ചറല്‍ ഫോറം പ്ളാക്കു നല്‍കി ആദരിച്ചു. ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സാമൂഹ്യസേവനത്തിനും നേതൃത്വത്തിനുമുളള അംഗീകാരമായി സംഘടനയുടെ സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ ടി. എസ്. ചാക്കോയ്ക്കുളള പുരസ്കാരം മന്ത്രി അടൂര്‍ പ്രകാശ് സമ്മാനിച്ചു. തുടര്‍ന്ന് സംഘടനയുടെ മുന്‍കാല നേതാക്കന്മാരെയും കെസിഎഫിന്റെ പ്രഥമ ഡാന്‍സ് സ്കൂള്‍ അധ്യാപിക സുധ ശേഖറിനെ ചടങ്ങില്‍ ആദരിച്ചു.

ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുളള ധനശേഖരണത്തിന്റെ ആദ്യത്തെ തുക വര്‍ഗീസ് പ്ളാമൂട്ടില്‍ ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ സൂസമ്മ തോമസിന് കൈമാറി. ജോയിന്റ് ആഘോഷങ്ങളുടെ ഭാഗമായി ഉന്നത നിലവാരമുളള നൃത്ത നൃത്യങ്ങളും ഗാനമേളയും കോമഡി ഷോയും ക്രമീകരിച്ചിരുന്നു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ലേഡീസ് ഫോറം അംഗങ്ങളുടെ തിരുവാതിര, കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്സ്, നൂപുര സ്കൂള്‍ ഓഫ് ഡാന്‍സ്, മയൂര സ്കൂള്‍ ഓഫ് ആര്‍ട്ട്സ് എന്നീ നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിച്ച മോഹിനിയാട്ടവും നൃത്ത രൂപങ്ങളും കാണികളുടെ മനം കവര്‍ന്നു.

ജെംസണ്‍ കുര്യാക്കോസ്, കാര്‍ത്തിക ജിനു തിരുവല്ല എന്നിവരുടെ ഗാനമേള, ലാല്‍ അങ്കമാലിയും സുശീല്‍ വര്‍ക്കലയും അവതരിപ്പിച്ച കോമഡി ഷോ എന്നിവ നടന്നു. കൊച്ചു കുട്ടികള്‍ക്കുവേണ്ടി നടത്തിയ പുഞ്ചിരി മത്സരം കൌതകുകരമായിരുന്നു. പ്രസിഡന്റ് ജോയി ചാക്കപ്പന്‍, സെക്രട്ടറി ദാസ് കണ്ണംകുഴിയില്‍, ട്രഷറര്‍ വര്‍ഗീസ് ജേക്കബ്, വൈസ് പ്രസിഡന്റ് അഡ്വ. റോയ് ജേക്കബ് കൊടുമണ്‍, പേട്രണ്‍ ടി. എസ്. ചാക്കോ, ജോയിന്റ് സെക്രട്ടറി ആന്റണി കുര്യന്‍, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ ടി. എം. സാമുവല്‍, സുവനീര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. ജോജി ചെറിയാന്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എല്‍ദോ പോള്‍, സില്‍വര്‍ ജൂബിലി കോ ഓര്‍ഡിനേറ്റര്‍ ദേവസി പാലാട്ടി എന്നിവരും കമ്മിറ്റിയംഗങ്ങളും സില്‍വര്‍ ജൂബിലിയുടെയും ഓണാഘോഷത്തിന്റെയും വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: വര്‍ഗീ പ്ളാമൂട്ടില്‍