എബോള: ലൈബീരിയയ്ക്ക് മെര്‍ക്കലിന്റെ സഹായം
Friday, September 19, 2014 7:27 AM IST
ബര്‍ലിന്‍: എബോള വൈറസ് ബാധ നേരിടാന്‍ ലൈബീരിയയ്ക്ക് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സഹായം വാഗ്ദാനം ചെയ്തു. ലൈബീരിയന്‍ പ്രസിഡന്റ് എല്ലന്‍ ജോണ്‍സന്‍ സിര്‍ലീഫിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി.

ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും ലൈബീരിയയ്ക്കു ചെയ്തു കൊടുക്കുമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി. വ്യോമ ഗതാഗതം അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലൈബീരിയയില്‍ എബോള ബാധിതരെ ചികിത്സിക്കാന്‍ പോയ വിദേശ ഡോക്ടര്‍മാര്‍ക്ക് മടങ്ങിപോകാന്‍ വിമാനം കിട്ടാത്ത സാഹചര്യമാണ് ഇപ്പോള്‍ അവിടെയുള്ളത്. അന്താരാഷ്ട്ര സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികള്‍ക്കും വ്യോമ ഗതാഗതം ഉപകരിക്കും.

ജര്‍മന്‍ സൈന്യത്തിനു ചെയ്യാന്‍ സാധിക്കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിച്ചുവരുന്നു. എബോള ബാധിതമായ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്യ മൂവായിരം സൈനികരുടെ സേവനം വിട്ടുകൊടുക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ തീരുമാനിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍