ജെറ്റ് എയര്‍വേയ്സ് താഴ്ന്നു പറന്നത് കോ-പൈലറ്റിന്റെ പിഴവെന്ന്
Friday, September 19, 2014 7:27 AM IST
ബ്രസല്‍സ്: കഴിഞ്ഞ മാസം മുംബൈയില്‍നിന്ന് 280 യാത്രക്കാരുമായി ബെല്‍ജിയന്‍ തലസ്ഥാനത്തേക്ക് പോകുന്നതിനിടെ വിമാനം അപ്രതീക്ഷിതമായി അയ്യായിരം അടി താഴ്ന്നത് കോ-പൈലറ്റിന്റെ പിഴവ് കാരണമെന്ന് സ്ഥിരീകരണം. ക്യാപ്റ്റന്‍ ഒന്നു മയങ്ങിയപ്പോള്‍ കോ-പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

ജെറ്റ് എയര്‍വേയ്സിന്റെ ബോയിംഗ് 777-300 വിമാനമാണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പറക്കുന്നതിന്റെ ഉയരത്തില്‍ ഗണ്യമായി കുറവ് പെട്ടെന്നു സംഭവിച്ചതു ശ്രദ്ധിച്ചപ്പോള്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ പരിശോധിച്ചപ്പോഴാണ് ഇതെങ്ങനെ സംഭവിച്ചു എന്നു മനസിലാകുന്നത്.

കഴിഞ്ഞ മാസമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തന്റെ ടാബ്ളറ്റില്‍ ചില അത്യാവശ്യ കാര്യങ്ങള്‍ ചെയ്യുകയായിരുന്നതിനാലാണ് കോ-പൈലറ്റിനെ നിയന്ത്രണം ഏല്‍പ്പിച്ചതെന്നാണ് വിമാനത്തിന്റെ വനിതാ ക്യാപ്റ്റന്‍ അവകാശപ്പെട്ടിരുന്നത്. വിമാനം താഴ്ന്ന വിവരം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അവര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് അന്വേഷണം നടത്തുന്നത്. ബോയിംഗ് കമ്പനിയില്‍നിന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ക്യാപ്റ്റന്‍ പറഞ്ഞത് കള്ളമായിരുന്നുവെന്നു വ്യക്തമാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍