കുവൈറ്റ് ക്നാനായ കല്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
Thursday, September 18, 2014 7:21 AM IST
കുവൈറ്റ്: കുവൈറ്റ് ക്നാനായ കല്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ പരിപാടികളോടെ ഖെയ്ത്താന്‍ കാര്‍മല്‍ സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റെയും പുലക്കളിയുടെയും അകമ്പടിയോടെ മാവേലി ആഗതനായതോടെയാണ് വര്‍ണപകിട്ടാര്‍ന്ന ചടങ്ങിനു തുടക്കമായത്.

കെകെസിഎ പ്രസിഡന്റ് ടോമി പ്രാലടിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷിന്‍സന്‍ ഓലികുന്നേല്‍ സ്വാഗതം പറഞ്ഞു. കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ പഠിപുരക്കല്‍, ഫാ. ആന്‍ഡ്രു ഫ്രാന്‍സിസ്, ഫാ. പ്രകാശ് തോമസ്, വിവിധ അസോസിയേഷന്‍ പ്രതിനിധികളായ അനില്‍ തയില്‍, ബാബുജി ബത്തേരി, റോയ് കുട്ടനാട്, കെകസിഎല്‍ ചെയര്‍മാന്‍ മാസ്റര്‍ടോം തോട്ടിക്കാട്ട് എന്നിവര്‍ ആശംകളര്‍പ്പിച്ചു. കെകെസിഎ ട്രഷറര്‍ റെനി ഏബ്രഹാം നന്ദി പറഞ്ഞു. ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭവന നിര്‍മാണ പദ്ധതിയുടെ കൂപ്പണ്‍ കെകെസിഎ ട്രഷറര്‍ റെനി ഏബ്രഹാമില്‍ നിന്നും ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം കെകെസിഎ അംഗം ജിജോവട്ടമറ്റം നിര്‍വഹിച്ചു. പരിപാടിയുടെ മുന്നോടിയായി നടന്ന നടവിളി മത്സരത്തില്‍ സെന്റ് ജോസഫ് അബാസിയ, സെന്റ് തെരാസാസ് സാല്‍മിയ എന്നീ കൂടാരയോഗങ്ങള്‍ ഒന്നാം സ്ഥാനവും സെന്റ് തോമസ് അബാസിയ സെന്റ് അല്‍ഫോന്‍സ റിഗായ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സമ്മേളനത്തിനുശേഷം സംഘടനയിലെ കുട്ടികളും മുതിര്‍ന്നവരും ഒരുക്കിയ കലാവിരുന്ന് പുതുമകൊണ്ടും കലാമികവു കൊണ്ടും ശ്രദ്ധേയമായി. മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന കലാവിരുന്ന് സദസ് ആവേശപൂര്‍വം ഏറ്റുവാങ്ങി.

ഓണപാട്ടുകള്‍, നാടന്‍ പാട്ടുകള്‍, ക്നാനായ പുരാതന പാട്ടുകള്‍, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ വേദിയില്‍ അരങ്ങേറി. വരുണ്‍ കുര്യന്‍, സിനി ബിനോജ് എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു.

അസോസിയേഷനിലെ അംഗങ്ങള്‍ സ്വന്തമായി പാകം ചെയ്ത വിഭവസമൃദ്ധമായ ഓണസദ്യ ഏവരേയും ഗൃഹാതുരത്വത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പ്രോഗ്രാം കണ്‍വീനര്‍ ജയേഷ് ഓണശേരില്‍, വിവിധ സബ് കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ ബിജു കവലയ്ക്കല്‍, സിബി ചെറിയാന്‍, കണ്‍വീനര്‍മാരായ ബിജു ഇരണയ്ക്കല്‍, റെജി കാനാട്ട്, ജെയിംസ് ജോണ്‍, മെജിത്ത് ചെമ്പക്കര, നിബിന്‍ ഓലിയാക്കല്‍, കെകെസിഎ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും കെകെസിഎ പ്രസിഡന്റ് ടോമി പ്രാലടിയില്‍ നന്ദി അറിയിച്ചു.