മ്യൂണിക്കില്‍ ഇന്ത്യന്‍ ബിസിനസ് ഫോറത്തിന് തുടക്കമായി
Wednesday, September 17, 2014 8:18 AM IST
മ്യൂണിക്ക്: ഇന്ത്യന്‍ ബിസിനസ് ഫോറത്തിന്റെ (ഐബിഎഫ്) പുതിയ ചാപ്റ്ററിന് മ്യൂണിക്കില്‍ തുടക്കമായി. ചാപ്റ്ററിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 15 ന് (തിങ്കള്‍) രാവിലെ 10 ന് മ്യൂണിക്കിലെ ഹോട്ടല്‍ വെസ്റേണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവി ശങ്കര്‍ പ്രസാദ് നിര്‍വഹിച്ചു. മ്യൂണിക്ക് ഉള്‍പ്പെടുന്ന ബവേറിയ സംസ്ഥാനത്തിന്റെ വാണിജ്യ മന്ത്രി ഫ്രാന്‍സ് ജോസഫ് ഷീയറര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മ്യൂണിക്കിലെ ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റ് ജനറല്‍ സെവലാ നായിക് സ്വാഗതം ആശംസിച്ചു.

വികസനം ഏറെ കൊതിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്താകമാനം നടത്തുന്ന സാങ്കേതിക വികസന പ്രക്രിയകളെ എല്ലാവിധത്തിലും പ്രോല്‍സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി രവിശങ്കര്‍ അറിയിച്ചു. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എല്ലാ വില്ലേജിലും ഏറെ താമസിയാതെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ജര്‍മനിയിലെയും ഇന്ത്യയിലെയും ബിസിനസുകാരെയും വ്യവസായ സംരംഭകരെയും ഒരുമിപ്പിച്ച് പുതിയ മേഖലകളില്‍ പരസ്പര വിനിമയ കൈമാറ്റം നടത്തുകയാണ് ഐബിഎഫിന്റെ ലക്ഷ്യം. ഷ്വെബിഷെഹാളിലെ ഇന്ത്യന്‍ ഫോറം ഡയറക്ടര്‍ സുബി ഡൊമിനിക്കിനെ കുടാതെ മ്യൂണിക്ക്, ബര്‍ലിന്‍, സ്റുട്ട്ഗാര്‍ട്ട്, ഹാംബുര്‍ഗ് എന്നീ മേഖലയിലെ വ്യവസായ വാണിജ്യ പ്രമുഖരായ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. മ്യൂണിക്കിലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ ജോര്‍ജ് ജോസഫ്, ജിജോ പറോക്കാരന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സുബി ഡൊമിനിക് ജര്‍മനിയില്‍ ആയുര്‍വേദത്തിന്റെ പ്രസക്തി വളര്‍ത്തിയെടുത്ത ഇന്ത്യന്‍ ഫോറത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിവരിച്ചു.

കമ്യൂണിക്കേഷന്‍ രംഗത്തെ കമ്പനികളുമായി ചര്‍ച്ച ചെയ്യാനാണ് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ജര്‍മനിയിലെത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍