വൈറ്റ് പ്ളെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സമാപിച്ചു
Wednesday, September 17, 2014 5:08 AM IST
ന്യൂയോര്‍ക്ക്: വൈറ്റ്പ്ളെയിന്‍സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും ഓഗസ്റ് 30ന് (ശനി) മുതല്‍ സെപ്റ്റംബര്‍ ആറു വരെ ഭക്ത്യാദരപൂര്‍വം നടന്നു.

പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ ആറിന് (ശനി) പ്രഭാതപ്രാര്‍ഥനയെതുടര്‍ന്ന് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയുടെ കാര്‍മികത്വത്തിലും റവ. ഫാ. എന്‍.കെ ഇട്ടന്‍ പിള്ള, റവ. ഫാ. പൌലോസ് പീറ്റര്‍ എന്നിവരുടെ സാന്നിധ്യത്തിലും നടത്തപ്പെട്ട വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവ നടന്നു. വിശുദ്ധ കുര്‍ബാമധ്യേ തിരുമേനി നടത്തിയ പ്രസംഗത്തില്‍ ദൈവപുത്രനായ ക്രിസ്തുവിനെ ലോകത്തിനു നല്‍കുവാന്‍ തക്കവണ്ണം സ്വയം താഴ്ത്തി ദൈവഹിതത്തിനു വിധേയപ്പെട്ട കന്യാമറിയത്തെപ്പോലെ മാതാവിന്റെ നാമത്തിലുള്ള നോമ്പിലും വൃതാനുഷ്ഠാനങ്ങളിലും പങ്കെടുക്കുന്നവരും യേശുക്രിസ്തുവിന്റെ ശരീരക്തങ്ങളുടെ നിരന്തരമായ അനുഭവമാകുന്ന വിശുദ്ധബലിയില്‍ സംബന്ധിക്കുന്നവരുമായ വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി ആത്മീയതയുടെ ഉന്നത പടവുകള്‍ ചവിട്ടി ക്രിസ്തുവിനെ ലോകത്തിന് സമര്‍പ്പിക്കുന്നവരാകണമെന്ന് ഉദ്ബോധിപ്പിച്ചു. അങ്ങനെയുള്ള ഒരു രൂപാന്തരത്തിന് എട്ടുദിവസത്തെ നോമ്പാചരണം സഹായകമായിട്ടുണ്േടാ എന്ന് ആത്മപരിശോധന നടത്തണമെന്നും തിരുമേനി ആഹ്വാനം ചെയ്തു.

ഓഗസ്റ് 30ന് (ശനി) മുതല്‍ എല്ലാ ദിവസവും പ്രഭാതപ്രാര്‍ഥന, വി. കുര്‍ബാന, സന്ധ്യ പ്രാര്‍ഥന, വനശുശ്രൂഷ എന്നിവയും നടന്നു. റവ. ഫാ. പൌലോസ് പീറ്റര്‍, റവ. ഫിലിപ് ചെറിയാന്‍, റവ. ഫാ. ജോജി ഏബ്രഹാം, റവ. ഫാ. ടെന്നി തോമസ്, റവ. ഫാ. സുജിന്‍ തോമസ് എന്നിവരായിരുന്നു ധ്യാന പ്രസംഗങ്ങള്‍ നടത്തിയത്. ദൈവമാതാവിന്റെ ജനനപെരുന്നാളിലും അതിന്റെ ഭാഗമായി നടന്ന എട്ടുദിവസത്തെ നോമ്പാചരണത്തിലും ധ്യാന പ്രസംഗങ്ങളിലും ഇടവകയിലും സഹോദരീ ദേവാലയങ്ങളിലേയും നിരവധി വിശ്വാസികള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. ഇടവക വികാരി റവ. ഫാ. പൌലോസ് പീറ്റര്‍, സെക്രട്ടറി ജോണി ജോസഫ്, ട്രഷറര്‍ മര്‍ക്കോസ് മത്തായി, കമ്മിറ്റിയംഗങ്ങള്‍, പെരുന്നാള്‍ സ്പോണ്‍സര്‍ ചെയ്തവര്‍ എന്നിവര്‍ പെരുന്നാളിനും എട്ടുനോമ്പാചരണത്തിനും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍