ഇരുപതാം വാര്‍ഷികാഘോഷ നിറവിലേയ്ക്ക് വേള്‍ഡ് മലയാളി കൌണ്‍സില്‍, ന്യൂജേഴ്സി
Wednesday, September 17, 2014 3:48 AM IST
ന്യൂജേഴ്സി: ആഗോളമലയാളികള്‍ക്ക് കൂട്ടായ്മയുടെ സ്നേഹമന്ത്രങ്ങള്‍ പകര്‍ന്നു നല്‍കിയ വേള്‍ഡ് മലയാളി കൌണ്‍സില്‍, അതിന്റെ ഈറ്റില്ലമായ ന്യൂജേഴ്സിയില്‍ ഇരുപതാമത് വാര്‍ഷികം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങുകയാണ്. 2015 ജൂണ്‍ 27-ാം തീയതിയാണ്, ലോകമെമ്പാടുമുള്ള പ്രതിനിധികളും പ്രമുഖ സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ആഘോഷപരിപാടികളെന്ന് കൌണ്‍സിലിന്റെ സ്ഥാപക നേതാവും ആദ്യ കണ്‍വന്‍ഷന് ചുക്കാന്‍ പിടിച്ച സംഘാടകനുമായ ആന്‍ഡ്രൂ പാപ്പച്ചന്‍ പറഞ്ഞു.

ന്യൂജേഴ്സിയില്‍ 1995 ജൂലായ് മൂന്നാം തീയതി, അതായത് കൌണ്‍സിലിന്റെ ആദ്യ കണ്‍വന്‍ഷന്റെ അവസാന ദിവസമാണ് വേള്‍ഡ് മലയാളി കൌണ്‍സില്‍ എന്ന മാതൃകാ സംഘടന ഔദ്യോഗികമായി രൂപവത്ക്കരിക്കപ്പെട്ടത്.

അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ,് ഇന്ത്യ, ഫാര്‍ ഈസ്റ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സംഘടനയ്ക്ക് റീജണല്‍ കൌണ്‍സിലുകള്‍ ഉണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 37 രാജ്യങ്ങളിലായി പ്രാദേശിക ഘടകങ്ങളായ 53 പ്രോവിന്‍സുകളും സാമൂഹിക പ്രതിബദ്ധതയിലൂന്നി സ്തുത്യര്‍ഹമാം വിധം പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ തമ്മില്‍ ആശയ വിനിമയം നടത്താനും പരസ്പര സഹകരണം ഊട്ടിഉറപ്പിക്കാനുമാണ് കൌണ്‍സില്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലും കേരളത്തിലും ഈ സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, തൊഴിലധിഷ്ഠിത പരിശീലനം, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം, കലാലയ വിദ്യാര്‍ത്ഥികളെ ആഗോള തലത്തിലെ വിവിധ മത്സരങ്ങള്‍ക്ക് സജ്ജരാക്കുന്ന പരിശീലന പദ്ധതിയായ 'ആള്‍ട്ടിയൂസ്' തുടങ്ങിയവ കൌണ്‍സിലിന്റെ പ്രശംസാര്‍ഹമായ പദ്ധതികളില്‍ ചിലതാണ്.

ശക്തമായ സംഘടനാ ചട്ടക്കൂട്ടിലാണ് കൌണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്ളോബല്‍ റീജണല്‍, പ്രോവിന്‍ഷ്യല്‍ തുടങ്ങിയ തലങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടോടെ ജൈത്രയാത്ര തുടരുന്ന കൌണ്‍സില്‍ ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് ഗ്ളോബല്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പച്ചിട്ടുണ്ട്. ന്യൂജേഴ്സിയിലെ 20-ാമത് വാര്‍ഷികാഘോഷങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സിന്റെ പുതിയ ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ട ഡോ ജോണ്‍ വര്‍ഗീസ് പറഞ്ഞു. യുവ ജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ പ്ളാന്‍ ചെയ്തു വരികയാണെന്ന് പ്രസിഡന്റ് ഡോ ടി.വി ജോണ്‍ അറിയിച്ചു. ആന്‍ഡ്രൂ പാപ്പച്ചന്റെ നേതൃത്വത്തിലാണ് വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തുന്നത്.

പുതിയ ഭാരവാഹികളുടെ പേരു വിവരം: ചെയര്‍മാന്‍: ഡോ. ജോണ്‍ വര്‍ഗീസ്, വൈസ് ചെയര്‍ വുമണ്‍: സൂസന്‍ മാത്യു, പ്രസിഡന്റ്: ഡോ. ടി വി ജോണ്‍, വൈസ് പ്രസിഡന്റുമാര്‍: ജോര്‍ജ് മാത്യു, ജെ. കുല്ലമ്പില്‍. സെക്രട്ടറി: ജോണ്‍ സക്കറിയ, അസോസിയേറ്റ് സെക്രട്ടറി: സൂസന്‍ ജോണ്‍, ട്രഷറര്‍: ഫിലിപ്പ് തമ്പാന്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍: പിന്റോ ചാക്കോ. കമ്മറ്റി അംഗങ്ങള്‍: ലൈലാമ്മ ഫിലിപ്പ്, സോമിനി പാപ്പച്ചന്‍, സജിനി സക്കറിയ, സൂസന്‍ തമ്പാന്‍, ആനി മാത്യു

അഡ്വൈസറി ബോര്‍ഡ്: ചെയര്‍മാന്‍-പ്രൊഫ: സണ്ണി മാത്യു. അംഗങ്ങള്‍: തോമസ് മാത്യു, ആന്‍ഡ്രൂ പാപ്പച്ചന്‍, ഡോ. സാമുവല്‍ തോമസ്, ജോണ്‍ തോമസ്(സോമന്‍), അലക്സാണ്ടര്‍ വര്‍ഗീസ്, ടോം മാത്യൂസ്, ഡോ. എബ്രഹാം ഫിലിപ്പ്, പുഷ്പ വര്‍ഗീസ്, ഷൈല ജോര്‍ജ്.

റിപ്പോര്‍ട്ട്: ജോര്‍ജ് കാക്കനാട്ട്