ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി നിയുക്ത ബിഷപ്പ് ജോയി ആലപ്പാട്ടിന് സ്വീകരണം നല്‍കി
Wednesday, September 17, 2014 3:47 AM IST
ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി, സീറോ മലബാര്‍ സഭയുടെ മുപ്പതാമത്തെ നിയുക്ത ബിഷപ്പ് ജോയി ആലപ്പാട്ട് പിതാവിന് സ്വീകരണം നല്‍കി. സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച വൈകുന്നേരം മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ പിതാവിന് യേശുദാസ് തോബിയാസ് പൂച്ചെണ്ട് നല്‍കി വേദിയിലേക്കാനയിച്ചു. തുടര്‍ന്ന് റെജീന പനിക്കത്തറയുടെ ഭക്തിഗാനത്തോടുകൂടി യോഗനടപടികള്‍ ആരംഭിച്ചു.

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെരാള്‍ഡ് ഫിഗുരേദോ സ്വാഗതം ആശംസിച്ചു. ഷിക്കാഗോയിലെ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയിലെ കുടുംബങ്ങളെ സ്വന്തംപോലെ കാണുന്ന പിതാവിന്റെ വലിയ മനസിനെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് ഫാ. തോമസ് പനയ്ക്കല്‍ എടുത്തുപറഞ്ഞു. സെന്റ് തോമസ് പള്ളിയിലെ സേവനത്തിനെത്തുമ്പോള്‍ ലഭിച്ച സ്നേഹവും പരിഗണനയും നന്ദിയോടെ സ്മരിക്കുന്നുവെന്ന് ഫാ. ആന്റണി ഡൊമിനിക് പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലെ എല്ലാ പ്രവാസി മലയാളികളും ഇവിടെ വന്നിരിക്കുന്നത് ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്. അവരുടെ എല്ലാ ആവശ്യങ്ങളും പ്രശ്നങ്ങളും തന്റെ സ്വന്തം പ്രശ്നങ്ങളായി കണ്ട് എല്ലാ പ്രവാസികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ പിതാവ് എടുത്തുപറഞ്ഞു. സെപ്റ്റംബര്‍ 27-ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക് എല്ലാവരേയും പിതാവ് ക്ഷണിക്കുകയും അതിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഫാ. ജോസിലാല്‍ കോയിപ്പറമ്പില്‍, അമേരിക്കന്‍ കൊച്ചിന്‍ ക്ളബ് സെക്രട്ടറി ബിജി ഫിലിപ്പ് ഇടാട്ട്, ജോര്‍ജ് പാലമറ്റം, ബേസില്‍ പെരേര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാജു ജോസഫ് ഏവര്‍ക്കും നന്ദി പറഞ്ഞു. ബിനു അലക്സ്, ജോമോന്‍ പണിക്കത്തറ, ഫ്രങ്ക് കുടിയില്‍, ജെറോം പൊടുകുട്ടി, ജോര്‍ജ് ഡിസില്‍വ എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം