ഷിജുവിനു വികാരനിര്‍ഭര സ്വീകരണം
Wednesday, September 17, 2014 1:49 AM IST
നെടുമ്പാശേരി: ഒരു നാടിന്റെ മുഴുവന്‍ കൂട്ടായ പ്രാര്‍ഥനയുടെയും നിവേദനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലമായി അബുദാബിയിലെ ജയിലറയില്‍ നിന്നു മോചിതനായി വന്ന കടമക്കുടി പിഴല സ്വദേശി ഷിജു മാനുവലിന് കൊച്ചി വിമാനത്താവളത്തില്‍ വികാരനിര്‍ഭരമായ സ്വീകരണം. മകനെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷത്തില്‍ ആനന്ദാശ്രു പൊഴിച്ച് അമ്മ ജാന്‍സി വിങ്ങിപ്പൊട്ടി. സഹോദരങ്ങളായ ഷിബു, ജോഷി, നിഷി, നിഷ എന്നിവരും അതിരറ്റ സന്തോഷത്തോടെ ഷിജുവിനെ ആശ്ളേഷിച്ചു.

ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ എഐ 734 ഫ്ളൈറ്റില്‍ വന്നിറങ്ങിയ ഷിജു വൈകുന്നേരം 7.45നാണ് വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കു വന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ശക്തമായ ഇടപെടല്‍ കൊണ്ടാണ് തനിക്ക് എല്ലാ പ്രതിസന്ധികളും മറികടന്ന് നാട്ടിലെത്തിച്ചേരാന്‍ കഴിഞ്ഞതെന്നു ഷിജു പറഞ്ഞു. അവര്‍ക്ക് ഷിജു പ്രത്യേകം നന്ദി രേഖപ്പെടുത്തി.

അബുദാബിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിയുണ്ടായിരുന്ന ഷിജു പിതാവിന്റെ മരണാനന്തര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തി കഴിഞ്ഞ ജൂണ്‍ 18ന് തിരിച്ചുപോയപ്പോള്‍ ചേരാനല്ലൂര്‍ സ്വദേശിയായ യുവാവ് കൊടുത്തുവിട്ട പൊതിയില്‍ പൊട്ടു രൂപത്തിലുള്ള എല്‍എസ്ഡി മയക്കുമരുന്ന് സ്റാമ്പുകള്‍ ഒളിപ്പിച്ചുവച്ചിരുന്നതാണ് ഷിജുവിനെ കുടുക്കിയത്.

മൂലമ്പിള്ളിയിലുള്ള സുഹൃത്ത് പറഞ്ഞതനുസരിച്ച് മറ്റൊരാള്‍ കൊണ്ടുവന്നു തന്ന പൊതിയാണ് താന്‍ അബുദാബിയിലേക്കു കൊണ്ടുപോയതെന്ന് ഷിജു ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോടു പറഞ്ഞു. അവിടെ സാരംഗ് എന്നയാള്‍ക്കു ഈ പൊതി കൊടുക്കാനാണ് പറഞ്ഞിരുന്നത്. അതില്‍ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു. വിമാനത്താവളത്തില്‍ കസ്റംസുകാര്‍ പിടികൂടിയപ്പോഴാണ് മയക്കുമരുന്നുള്ള സ്റ്റാമ്പാണെന്ന് അറിഞ്ഞത്. വിമാനത്താവളത്തില്‍ നിന്ന് അറസ്റു ചെയ്ത തന്നെ 20ന് ജയിലിലാക്കി. 36 ദിവസം ജയില്‍ വാസമായിരുന്നു. മൂന്നു മലയാളികളടക്കം എട്ടുപേര്‍ ഒരു സെല്ലിലായിരുന്നു. ദേഹോപദ്രവം ഉണ്ടായിരുന്നില്ലെന്നും ഷിജു വ്യക്തമാക്കി.