ഐസിസി വിയന്നയുടെ ആഘോഷമായി പൂര്‍വവിദ്യാര്‍ഥി സംഗമവും വിശ്വാസപരിശീലന ക്ളാസുകളുടെ ആരംഭവും
Tuesday, September 16, 2014 7:48 AM IST
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ (ഐസിസി) നേതൃത്വത്തില്‍ നടത്തിവരുന്ന വിശ്വാസപരിശീലനത്തിന്റെ ക്ളാസുകള്‍ക്ക് സെപ്റ്റംബര്‍ 14ന് (ഞായര്‍) മൈഡിലിംഗ് ദേവാലയത്തില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഐസിസി വിയന്നയുടെ ചരിത്രത്തില്‍ ആദ്യമായി വിശ്വാസപരിശീലനത്തില്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ സംഗമവും ഇതോടൊപ്പം നടന്നു.

ഐസിസിയുടെ ഒന്നാമത്തെ ബാച്ചില്‍ പഠിച്ചിറങ്ങിയ ആറു കുട്ടികളോടൊപ്പം മുഖ്യകാര്‍മികനായ ഫാ. തോമസ് താണ്ടപിള്ളിയുടെ നേതൃത്വത്തില്‍ പ്രദക്ഷിണമായി എത്തുകയും അവരെ ഇടവക ജനത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് യേശുവിലൂടെ സമാധാനം കണ്െടത്താന്‍ യുവജനങ്ങള്‍ പരിശീലിക്കണമെന്നു ഫാ. താണ്ടപിള്ളി പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബാനയിലെ വായനകള്‍ ജര്‍മന്‍ ഭാഷയില്‍ നടത്തിയത് യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമായി. കുര്‍ബാനയിലെ ഗാനശുശ്രുഷയും പൂര്‍വവിദ്യാര്‍ഥികള്‍ തന്നെയാണ് നടത്തിയത്.

ഈ വര്‍ഷം മത്തുറ പാസായ 20 കുട്ടികളെ ഐസി പ്രത്യേകം അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും അവര്‍ക്കുവേണ്ടി മധ്യസ്ഥപ്രാര്‍ഥന നടത്തുകയും ചെയ്തു. അതേസമയം മതബോധനം വിയന്നയില്‍ തുടങ്ങിയ കാലം മുതല്‍ വിശ്വാസ പരിശീലന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മേരി കപ്പാനി, റോസി മാളിയേക്കല്‍ എന്നിവരെ പ്രത്യകം ആദരിച്ചു. വിശ്വാസ പരിശീലനം എങ്ങനെയാണ് കുട്ടികളെ അവരുടെ സാധാരണ ജീവിതത്തില്‍ പ്രയോഗികമാക്കാന്‍ സഹായിക്കുന്നതിനെക്കുറിച്ച് കുട്ടികള്‍ നല്‍കിയ സാക്ഷ്യം ഏറെ ശ്രദ്ധേയമായി.

വിശ്വാസപരിശീലനം പാഠ്യപുസ്തകങ്ങളിലെ വിഷയങ്ങളുടെ മാത്രം ആധാരമാക്കാതെ കുട്ടികളില്‍ ക്രിസ്തീയ വിശ്വാസം അവരുടെ ദൈനംദിന ജീവിതത്തില്‍ പ്രയോഗിമാക്കുന്നതിലും അവര്‍ സമൂഹത്തിന് മുതല്‍ക്കൂട്ടായി വളരുന്ന തരത്തിലും ഐസിസിയുടെ മതബോധന ക്ളാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്തിന്റെ വിജയം കൂടിയാണ് കുട്ടികള്‍ നല്‍കിയ സാക്ഷ്യങ്ങള്‍ എന്ന് കാറ്റകിസം ഡയറക്ടര്‍ പോള്‍ മാളിയേക്കല്‍ പറഞ്ഞു. വരുന്ന വര്‍ഷങ്ങളിലും പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോയി പ്ളാതോട്ടത്തിലും എല്ലാ കാറ്റകിസം അധ്യാപകരും സന്നിഹിതരായിരുന്നു.

ആറു വയസ് പൂര്‍ത്തിയായ കുട്ടികളെ മാതാപിതാക്കളുടെ താല്‍പര്യപ്രകാരം മതബോധന ക്ളാസുകളില്‍ ചേര്‍ക്കാവുന്നതാണ്. മാതാപിതാക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധ്യാപകര്‍ അഭ്യര്‍ഥിച്ചു. സുവിശേഷം വരുംതലമുറയ്ക്ക് കൈമാറുന്ന സഭയുടെ ദൌത്യത്തിന്റെ പ്രധാനതലമാണ് മതബോധനം. അതേസമയം പ്രോജക്ട് പ്രസന്റേഷന്‍, വിഷ്വല്‍ മീഡിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ കുട്ടികളില്‍ ശരിയായ ക്രിസ്തീയ വിശ്വാസബോധം വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ കത്തോലിക്കാ സഭ തയാറാക്കിയ സിലബാസണ് വിയന്നയിലെ വിശ്വാസപരിശീലനത്തിലും തുടരുന്നത്.

വിശദ വിവരങ്ങള്‍ക്ക്: ഐസിസി ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപിള്ളി, കാറ്റകിസം ഡയറക്ടര്‍ പോള്‍ മാളിയേക്കല്‍ എന്നിവരെ സമീപിക്കുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി