കേസി മലയാളി ഫോറം ഓണം വിജയത്തിന്റെ നെറുകയില്‍
Tuesday, September 16, 2014 7:45 AM IST
മെല്‍ബണ്‍: മെല്‍ബണിലെ കേസി കൌണ്‍സിലിന്റെ കീഴിലുള്ള മലയാളി കൂട്ടായ്മയായ കേസി മലയാളി ഫോറം ഓണം ആളുകൊണ്ടും അരങ്ങുകൊണ്ടും വിജയത്തിന്റെ നെറുകയില്‍ ഒരു പ്രയാണം തന്നെ നടത്തി.

രാവിലെ അത്തപൂക്കള മത്സരത്തോടെ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കേസി മലയാളി ഫോറത്തിലെ കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍, മുതിര്‍ന്നവര്‍ നയിച്ച ഗാനമേള എല്ലാം അരങ്ങിന് കൊഴുപ്പേകുന്നതായിരുന്നു. തിരുവാതിരയും ഭരതനാട്യവും മെഡ് ലി ഡാന്‍സും ബോളിവുഡ് ഡാന്‍സും ഒക്കെ പരിചയസമ്പന്നര്‍ തകര്‍ത്താടിയപ്പോള്‍ കേരളത്തിലെ കലാതിലകം വരെ അതില്‍ പങ്കാളികളായി. ബെന്നി ജോസഫ് കോടാമുള്ളില്‍ സ്വാഗതം പറഞ്ഞു. കള്ളവും ചതിയും വഞ്ചനയും ഇല്ലാത്ത മഹാബലി തമ്പുരാന്റെ നല്ല ഓര്‍മകള്‍ സാമൂഹിക പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് എം. ജോര്‍ജ് ഓണസന്ദേശത്തിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.

അത്തപൂക്കള മത്സരത്തില്‍ ലിന്‍ബ്രൂക് ടീം ജേതാക്കളായി. ഹാംപ്റ്റണ്‍ പാര്‍ക് റെന്‍ ആര്‍തര്‍ ഹാള്‍ നിറഞ്ഞുനിന്ന പ്രവര്‍ത്തകര്‍ കരഘോഷത്തോടെയാണ് ഓരോ പരിപാടിയേയും വരവേറ്റത്. മുതിര്‍ന്നവര്‍ നടത്തിയ വഞ്ചിപ്പാട്ട് ഏറെ ആര്‍ഷിച്ചു. സമ്മാനാര്‍ഹര്‍ക്ക് റവ. ഫാ. ആന്‍സണ്‍ തോമസ്, കോമണ്‍വെല്‍ത്ത് മോര്‍ട്ട്ഗേജ് ഡയറക്ടര്‍ ജാക്കി എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മലയാളിയും ലിബറല്‍ പാര്‍ട്ടി നേതാവുമായ പ്രസാദ് ഫിലിപ്പ് പ്രസംഗിച്ചു. ക്രാന്‍ബണ്‍, ലിന്‍ബ്രൂക്, നാരേവാറന്‍, എന്‍ഡോവര്‍ ഹില്‍സ്, ഹാലം തുടങ്ങിയ മേഘലകളെ പ്രതിനിധീകരിച്ച് കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് കേസി മലയാളി ഫോറം സംഘാടകര്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഏവരും ആസ്വദിച്ചു. മുഴുവന്‍ അണിയറ ശില്‍പ്പികള്‍ക്കും കണ്‍വീനര്‍ ജോണി മറ്റം നന്ദി പറഞ്ഞു. അടുത്ത കണ്‍വീനറായി ബെന്നി കോടാമുള്ളിയെ യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.