ഡാളസില്‍ കേരളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു
Tuesday, September 16, 2014 7:33 AM IST
ഡാളസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 13 ന് (ശനി) ഡാളസില്‍ നടന്ന ഓണാഘോഷം വര്‍ണശബളമായി. ഗാര്‍ലന്‍ഡ് എംജിഎം ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷപരിപാടികളില്‍ ഡാളസ് ഫോര്‍ട്ട് മലയാളി സമൂഹം ഒന്നുചേര്‍ന്ന് ഓണമാഘോഷിക്കുവാന്‍ എത്തി.

അസോസിയേഷന്‍ അംഗങ്ങളായ ആന്‍സി ജോസഫ്, ബീനാ ലിയോ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ച് ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പോള്‍ തോമസിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു.

പ്രസിഡന്റ് ബാബു മാത്യു സ്വാഗതമാശംസിച്ചു. മുഖ്യാതിഥിയായി കെ. ജി മന്മഥന്‍ നായര്‍ (ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ്) ഓണസന്ദേശം നല്‍കി. ഡാളസിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാരൂപങ്ങളും ക്ളാസികല്‍ ഡാന്‍സ് , സിനിമാറ്റിക് ഡാന്‍സ്, ഓണപ്പാട്ട്, തിരുവാതിര , മോഹിനിയാട്ടം ഭരതനാട്യം എന്നിവയും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

വിവിധ ഗ്രേഡുകളില്‍ ഉന്നത വിജയം നേടുന്ന മലയാളി വിദ്യാര്‍ഥികളെ അനുമോദിക്കുവാന്‍ കേരളാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എഡ്യുക്കേഷന്‍ അവാര്‍ഡ് ദാനം എഡ്യുക്കേഷന്‍ ഡയറക്ടര്‍ ബീന ലിയോ, തോമസ് വടക്കേമുറി, ബോബന്‍ കൊടുവത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ആഡംബരപ്രൌഡിയോടെ എഴുന്നള്ളിയ മാവേലിമന്നനെ മലയാളി മങ്കമാര്‍ താലപൊലിയേന്തി സ്റ്റേജിലേക്ക് ആനയിച്ചു. പുലികളിയും കാവടി മേളവും ചെണ്ടവാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടി ചേര്‍ന്നു. കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്.

സുനിതാ ഹരിദാസ്, ഹരിദാസ്, സുധീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത്തവണ മനോഹരമായ ഓണപൂക്കളം ഒരുക്കിയത്. ബോബന്‍ ചെറക്കല്‍ മഹാബലിയായി വേഷമണിഞ്ഞു. താലപൊലിക്കും തിരുവാതിരക്കും ബെന്‍സി തോമസ് നേതൃത്വം നല്‍കി. ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ ഫുഡ് കോഓര്‍ഡിനേറ്ററായി നേതൃത്വം നല്‍കി. നൂറില്‍പരം അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണ ഓണസദ്യ തയാറാക്കിയത്.

സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പ്രകാശനം നടത്തി. ബിജു തോമസ് ലോസണ്‍ ട്രാവല്‍സ്, ബേബി ഉതുപ്പ് ഫാര്‍മേഴ്സ് ഇന്‍ഷ്വറന്‍സ് എന്നിവരായിരുന്നു ഗ്രാന്‍ഡ് സ്പോണ്‍സേഴ്സ്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍