സാന്റാ അന്നയില്‍ എസ്എംസിസി ഓണം ആഘോഷിച്ചു
Tuesday, September 16, 2014 5:15 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഓണം ആഘോഷിച്ചു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഓണാഘോഷം അരങ്ങേറിയത്.

തിരുവോണ ദിവസമായ ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷമായിരുന്നു ഓണാഘോഷം. ചാപ്റ്റര്‍ പ്രസിഡന്റ് ബൈജു വിതയത്തിലിന്റെ സ്വാഗതത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു.

സാന്റാ അന്നാ പള്ളി വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി നിലവിളക്കില്‍ തിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നല്‍കിയ ഓണസന്ദേശത്തില്‍, ലോകത്ത് എവിടെയായിരുന്നാലും മലയാളത്തിന്റെ മധുരമായ അനുഭവം ആസ്വദിക്കുന്നത് ഓണാഘോഷത്തിലൂടെയാണെന്നും, എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ബഹു. ഇമ്മാനുവേലച്ചന്‍ ആലപിച്ച ഓണപ്പാട്ട് മലയാളത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ തട്ടിയുണര്‍ത്തി.

മഹാബലിയുടെ എഴുന്നള്ളിപ്പ് ടോമി പുല്ലാപ്പള്ളില്‍ വിളംബരം ചെയ്തപ്പോള്‍ എല്ലാവരും കരഘോഷം മുഴക്കി. കുരവ വിളിയുടേയും താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ എഴുന്നെള്ളിയ മാവേലി മന്നനെ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും, ട്രസ്റി ആനന്ദ് കുഴിമറ്റത്തിലും ചേര്‍ന്ന് സ്വീകരിച്ചു.

ഘോഷയാത്രയെ അനുഗമിച്ച പുലിക്കളി എല്ലാവരിലും കൌതുകമുണര്‍ത്തി. പുലിവേഷധാരികളായ എബിന്‍, അജയ് എന്നിവര്‍ക്കൊപ്പം കൊച്ചു പുലിക്കുട്ടികളും ചേര്‍ന്നപ്പോള്‍ പുലിക്കളി യാഥാര്‍ത്ഥ്യമായി. ജിമ്മി കിഴാരമാണ് മാവേലിയായത്. ജോസുകുട്ടി പാമ്പാടി നയിച്ച ചെണ്ടമേളക്കാരുടെ ശിങ്കാരിമേളം ആസ്വാദ്യകരമായിരുന്നു. രശ്മി സജി കപ്പാട്ടില്‍ ആണ് താലപ്പൊലിയുടെ ചുമതല വഹിച്ചത്.

മുന്‍വര്‍ഷങ്ങളിലേതുപോലെ വാഴയിലയില്‍ വിളമ്പിക്കൊടുത്ത വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയത് ബിജു ജോര്‍ജ്, ജോസുകുട്ടി പാമ്പാടി, ബെന്നി പഴയംകോട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ്. ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തെ മോടി പിടിപ്പിച്ചു. എല്‍സി ജോസ്, ജോളി തോമസ് എന്നിവര്‍ അവതാരകരായിരുന്നു.

ട്രസ്റി ആനന്ദ് കുഴിമറ്റത്തില്‍ ഓണാശംസകള്‍ നേരുകയും, എസ്.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സാന്റാ അന്നാ ഇടവകയില്‍ രണ്ടാം വര്‍ഷവും ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചതിനുള്ള 'കര്‍ഷകശ്രീ' അവാര്‍ഡ് ഇമ്മാനുവേലച്ചന് നല്‍കി ആദരിച്ചു. ഇടവകയിലെ യുവജനങ്ങളാണ് മനോഹരമായ പൂക്കളം ഒരുക്കിയത്.

ഓണത്തോടനുബന്ധിച്ചുള്ള വടംവലി മത്സരത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ജേതാക്കളായ 'ടോറന്‍സ്' ടീം നാലാമതും വിജയിച്ച് ട്രോഫി കരസ്ഥമാക്കി. വനിതകളുടെ മത്സരത്തില്‍ ശാരി ജോസുകുട്ടി നയിച്ച ടീം വിജയിച്ചു. കുട്ടികള്‍ക്കുവേണ്ടി സൌഹൃദമത്സരവും ഉണ്ടായിരുന്നു. ജിമ്മി ജോസ് കിഴാരം റഫറിയായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഇമ്മാനുവേലച്ചന്‍ നല്‍കി.

ഫാ. ആഞ്ചലോസും, സെന്റ് ജോസഫ് കോണ്‍വെന്റിലെ സിസ്റേഴ്സും ഓണാഘോഷങ്ങളില്‍ പങ്കുചേരുവാന്‍ എത്തിയിരുന്നു.

എസ്.എം.സി.സി ദേശീയ വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ ഓണാശംസകള്‍ നേരുകയും ബ. ഇമ്മാനുവേലച്ചന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. സജി പിറവം വീഡിയോഗ്രാഫിയും, ടോമി പുല്ലാപ്പള്ളില്‍ ദൃശ്യങ്ങളും പകര്‍ത്തി. ബാബു ജോസും, ഫിലിപ്പ് ചെങ്ങടിയാനും ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.

എസ്.എം.സി.സി നാഷണല്‍ ജോയിന്റ് ട്രഷറര്‍ മാത്യു കൊച്ചുപുരയ്ക്കല്‍, കമ്മിറ്റിയംഗങ്ങളായ സെബാസ്റ്യന്‍ വെള്ളൂക്കുന്നേല്‍, തര്യന്‍ ജോര്‍ജ്, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഒന്നായ് ഓണാഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം