സത്ഗമയ ഓണാഘോഷം പ്രൌഡഗംഭീരമായി
Monday, September 15, 2014 9:22 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ഓണാഘോഷം പ്രൌഢഗംഭീരമായി.

ഭാരതീയ സംസ്കാരങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ഈ കൂട്ടായ്മ കേരളത്തിന്റെ തനതായ ശൈലിയില്‍ പൂക്കളമൊരുക്കിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിമന്നനെ വേദിയിലേയ്ക്ക് ആനയിച്ചും മലയാളി മങ്കമാര്‍ തിരുവാതിര അവതരിപ്പിച്ചപ്പോള്‍ പ്രവാസിമനസുകളില്‍ എന്തെന്നില്ലാത്ത ആഹ്ളാദവും ഒപ്പം ഗൃഹാതുരത്വവുമുണര്‍ത്തി.

തിരുവോണനാളില്‍ ഡബ്ളിനിലെ ക്രംലിന്‍ ണടഅഎ ഹാളിലാണ് വര്‍ണാഭമായ പരിപാടികള്‍ അരങ്ങേറിയത്.

മുതിര്‍ന്ന അംഗങ്ങള്‍ രാവിലെ ഭദ്രദീപം തെളിച്ച് ഓണാഘോഷം ഔദ്യാഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സപ്താ രാമന്‍ നമ്പൂതിരിയുടെ ഗണപതീ വന്ദനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അജയന്റെ ഓണസന്ദേശത്തെ തുടര്‍ന്ന് ഭരതനാട്യം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ വേദിയെ സമ്പുഷ്ടമാക്കി.

സത്ഗമയിലെ കുരുന്നുകളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ 'ബാലസൃഷ്ടി' കൈയെഴുത്ത് മാസികയുടെ ആദ്യപ്രതി അനില്‍കുമാര്‍, സ്വാമി പൂര്‍ണാനന്ദക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. അയര്‍ലന്‍ഡ് ഹിന്ദു കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡോ. ഹേമന്ത് കുമാര്‍, ഡയറക്ടര്‍ ദീപക് ഇനാംദാര്‍, സച്ചിന്‍ ഗുപ്ത എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ശ്യാമപ്രസാദും വസന്തും മംഗളയും വിനോദും ചേര്‍ന്ന് അവതരിപ്പിച്ച ഓണപാട്ടുകളും കിംഗ് കുമാറിന്റെ ആശയത്തില്‍ വിരിഞ്ഞ 'നരസിംഹാവതാരം' സ്കിറ്റും ഏറെ ഹൃദ്യമായി.

ആദിത്യ വയലിനിലും സഞ്ജയ് കീബോര്‍ഡിലും മുരളീ കൃഷ്ണന്‍ പുല്ലാങ്കുഴലിലും സംഗീതമൊരുക്കി ഓണാഘോഷ പരിപാടികള്‍ കൂടുതല്‍ നിലവാരമുള്ളതാക്കി. വിഭവസമൃദ്ധമായ സദ്യയെ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വൈവിധ്യമാര്‍ന്ന കായിക വിനോദമത്സരങ്ങള്‍ സംഘടിപ്പിക്കുകയും ഓസ്കാര്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളുടെ വിതരണവും നടന്നു.

ലീവിംഗ് സര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ഗായത്രി, അനഘ എന്നിവര്‍ക്കും യുറോപ്പ് നൃത്തപരിപാടികളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ സപ്താ രാമനേയും മൊമന്റോ നല്‍കി ആദരിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും മുരളീ കൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു. വൈകുന്നേരം ദേശീയഗാനത്തോടെ ആഘോഷപരിപാടികള്‍ അവസാനിച്ചു. അനില്‍കുമാറും ലേഖയും പരിപാടിയുടെ അവതാരകരായിരുന്നു.