പാര്‍ട്ട്ടൈം ജോലി സജീവമായി പരിഗണിക്കുന്നു
Monday, September 15, 2014 9:15 AM IST
കുവൈറ്റ് : വിദേശികള്‍ക്ക് ആശ്വാസമായി പാര്‍ട്ട്ടൈം ജോലി വീണ്ടും സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. പുതിയ വീസകള്‍ താത്കാലികമായി നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഉണ്ടായ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മാന്‍പവര്‍ റിക്രൂട്ട്മെന്റ് അഥോറിറ്റി പാര്‍ട്ട്ടൈം ജോലി നിര്‍ദ്ദേശം വീണ്ടും പരിഗണിച്ചതെന്ന് കരുതുന്നു. ഇതു സംബന്ധമായ വിജ്ഞാപനം അധികം വൈകാതെ പുറത്തിറക്കുമെന്ന് സൂചനയുണ്ട്.

പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ മാന്‍ പവര്‍ അഥോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രത്യേക അപേക്ഷാ ഫോമില്‍ ഇരു സ്ഥാപനങ്ങളിലെയും സ്പോണ്‍സര്‍മാര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമപരിരക്ഷയോടെ ജോലി ചെയ്യാന്‍ സാധിക്കും. പരിശോധനാ വേളകളില്‍ കാണിക്കാന്‍ പ്രത്യേക അനുമതി പത്രവും അഥോറിറ്റി നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ട്ടൈം ജോലിക്ക് തൊഴില്‍ മന്ത്രാലയം അനുമതി നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പാര്‍ട്ട്ടൈം ജോലിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച വിജ്ഞാപനം വൈകാതെ ഉണ്ടാകുമെന്ന് മാന്‍ പവര്‍ അഥോറിറ്റി ഉപമേധാവി ബദരിയ അല്‍ മുഖൈമിയും പറഞ്ഞു.

ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന ജീവിത ചെലവില്‍ നിന്നും ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് താത്കാലിക ആശ്വാസമായിരിക്കും പുതിയ നിര്‍ദ്ദേശം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍