പോര്‍സിലെ ഓണാഘോഷം അവിസ്മരണീയമായി
Monday, September 15, 2014 9:12 AM IST
പോര്‍സ്: ഓണസദ്യയ്ക്ക് ഏറെ പ്രാധാന്യം നല്‍കി കൊളോണ്‍ പട്ടണത്തിന് സമീപം സ്ഥിതിചെയ്യുന്ന പോര്‍സിലെ നാല്‍പ്പത്തിയഞ്ചില്‍പരം മലയാളി കുടുംബങ്ങളുടെ സംഗമവും ഓണാഘോഷവും സംയുക്തമായി പോര്‍സിലെ അലക്സിയാനര്‍ ആശുപത്രി ഹാളില്‍ സെപ്റ്റംബര്‍ ആറിന്(ശനി) വൈകുന്നേരം കേരളത്തനിമയാര്‍ന്ന പരിപാടികളോടെ നടത്തി.

ഏബ്രഹാം വി. തോമസ് ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബേബി ചാലായില്‍ സ്വാഗതം ആശംസിച്ചു. കൊട്ടും കുരവയും താളമേളങ്ങളും അകമ്പടിയേന്തി ജോണ്‍ കൊച്ചുകണ്ടത്തില്‍ മഹാബലി തമ്പുരാനായി വേഷമിട്ട് എഴുന്നെള്ളിവന്നപ്പോള്‍ ഐശ്യര്യപൂര്‍ണവും സമ്പല്‍ സമൃദ്ധവുമായ ചതിയും വഞ്ചനയുമില്ലാത്ത ഭൂതകാലത്തിന്റെ ഓര്‍മകളിലേയ്ക്ക് പ്രേക്ഷക മനസുകളെ എത്തിക്കാനായി. കേരള സ്ത്രീകളുടെ തനതുകലാരൂപമായ തിരുവാതിരകളി, ഹാസ്യം തുളുമ്പുന്ന വിവിധതരം സ്കെച്ചുകള്‍, കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചറിയിക്കുന്ന പകിട്ടാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

പാപ്പച്ചന്‍ പുത്തന്‍പറമ്പിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ശ്രദ്ധ ആകര്‍ഷിച്ചു. കേരളത്തില്‍ നിന്നും എത്തിച്ച തൂശനിലയില്‍ പഴം, പപ്പടം, പായസം ഉള്‍പ്പടെ ഇരുപത്തിയൊന്നു കൂട്ടം കറികള്‍ നാട്ടിലെ ഓണാഘോഷത്തിന്റെ ഓര്‍മകള്‍ ഒരിക്കല്‍ക്കൂടി അയവിറക്കാനായി. ടോം കളത്തിപ്പറമ്പില്‍, ബൈജു പോള്‍ എന്നിവര്‍ കോഓര്‍ഡിനേറ്റു ചെയ്ത ആഘോഷ പരിപാടികള്‍ക്ക് സുനു ചാക്കോച്ചന്‍ അവതാരകയായി. ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും ഗ്രിഗറി മേടയില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍