ലുഫ്ത്താന്‍സ, എയര്‍ഫ്രാന്‍സ് പൈലറ്റുമാര്‍ സമരം തുടങ്ങി
Monday, September 15, 2014 9:10 AM IST
ബര്‍ലിന്‍: ജര്‍മനിയുടെ ലുഫ്ത്താന്‍സ, ഫ്രാന്‍സിന്റെ എയര്‍ഫ്രാന്‍സ് പൈലറ്റുമാര്‍ നടത്തുന്ന സമരം യാത്രക്കാരെ വെട്ടിലാക്കി. ഫ്രാങ്ക്ഫര്‍ട്ട്, പാരീസ് എന്നീ വിമാനത്താവളങ്ങളിലെ യാത്രക്കാരാണ് കൂടുതലായും ബുദ്ധിമുട്ടിലായത്.

വേതന വര്‍ധനവും മറ്റ് അലവന്‍സുകളും പുതുക്കി നിശ്ചയിക്കണമെന്നുള്ള കോക്പിറ്റ് യൂണിയന്റെ പുതിയ ആവശ്യത്തിന്മേല്‍ മാനേജ്മെന്റ് കണ്ണടച്ചിരിക്കുകയാണെന്ന ആരോപണമാണ് യൂണിയന്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

എയര്‍ഫ്രാന്‍സിന്റെ 50 ശതമാനത്തില്‍ താഴെയുള്ള സര്‍വീസുകള്‍ മാത്രമേ നടത്താനായുള്ളുവെന്ന് വക്താവ് ഫ്രെഡറിക് ഗേഗി അറിയിച്ചു. ഒരാഴ്ച നീളുന്ന സമരത്തിനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്.

എയര്‍ബസ് എ 380, ബി 747, എ 330, എ 340 എന്നീ വിമാനങ്ങളിലെ പൈലറ്റുമാരാണ് സമരം നടത്തുന്നത്.

ഇക്കഴിഞ്ഞ ദിവസം ഫ്രാങ്ക്ഫര്‍ട്ടിലും മ്യൂണിക്കിലുമായി നടത്തിയ സമരത്തില്‍ എല്‍എച്ച് കമ്പനിക്ക് 10 മില്യന്‍ യൂറോയാണ് നഷ്ടമുണ്ടായത്.ഈ വര്‍ഷം ഏപ്രിലില്‍ നടത്തിയ സമരത്തില്‍ 3800 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതു വഴി 4,25,000 യാത്രക്കാരെയാണ് സമരക്കാര്‍ വലച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍