ഹാരിസ്ബര്‍ഗ് മലയാളികള്‍ ഓണം ആഘോഷിച്ചു
Saturday, September 13, 2014 9:18 AM IST
പെല്‍സില്‍വാനിയ: ഹാരിസ്ബര്‍ഗിലെ മലയാളി സംഘടനയായ സസ്ക്വഹാന മലയാളി അസോസിയേഷന്റെ (ടങഅ) ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണാഭമായി.

സെപ്റ്റംബര്‍ ആറിന് (ശനി) ഫസ്റ് ചര്‍ച്ച് ഓഫ് ഗോഡ് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രവാസിയുടെ ഗൃഹാതുരത്വത്തെ എല്ലാ രീതിയിലും ഉള്‍ക്കൊണ്ടുകൊണ്ട് ആസൂത്രണം ചെയ്ത കലാ പരിപാടികള്‍ ഒന്നിനൊന്നു മികച്ച് നിന്നു. ഹാരിസ്ബര്‍ഗിലെ ആദ്യകാല മലയാളികളായ കോര ഏബ്രഹാം, സാറാക്കുട്ടി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെ കലാമാമാങ്കത്തിന് തിരശീല ഉയര്‍ന്നു.

എസ്എംഎ യുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെ സംബന്ധിച്ചും പ്രസിഡന്റ് മധു മേനോന്‍ സദസിനു വിശദീകരിച്ചു. ഓണം എന്നത് ഒരു ആഘോഷത്തെക്കാള്‍ ഉപരി അതിന്റെ അന്തസത്ത ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് ഓണസന്ദേശത്തില്‍ ഊന്നിപറഞ്ഞു. തുടര്‍ന്ന് ആസ്വാദകമനസിനെ അക്ഷരാര്‍ഥത്തില്‍ പിടിച്ചിരുത്തിക്കൊണ്ട് രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന കലാപരിപാടികള്‍ക്ക് കേളികൊട്ടുയര്‍ന്നു. ചിട്ടയായ ആസൂത്രണത്തിലൂടെ പുതുമയുള്ള കലാപരിപാടികള്‍ പ്രവാസിയുടെ മനസിന്റെ ഉള്‍വിളികളെ ഒരു കാതം മുന്‍പേ കണ്ടുകൊണ്ടു രംഗത്തെത്തിയപ്പോള്‍ അതൊരു നവ്യാനുഭവമായി. ഒരു നിമിഷ നേരത്തേക്കെങ്കിലും കാണികളുടെ വികാരവിചാരങ്ങളെ മാമലകള്‍ക്കപ്പുറത്തുള്ള മരതകപ്പട്ടുടുത്ത ആ മലയാള നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ ഈ കലസന്ധ്യക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം. കേരളത്തനിമ നിറഞ്ഞാടിയ തിരുവാതിരകളി, ചടുലമായ താളവും വേഗതയും സമന്വയിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍, രാഗവും ഭാവവും കൈകോര്‍ത്ത പഴയതും പുതിയതുമായ ഗാനങ്ങള്‍ എന്നിവ പരിപാടിക്ക് ചാരുതയേകി.

താലപൊലിയുടെയും പഞ്ചവാദ്യത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെ വേദിയിലെത്തിയ മഹാബലി തമ്പുരാന്‍ തന്റെ പ്രജകള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. പങ്കെടുത്തവരുടെ നാവിലെ രുചി മുകുളങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ട് കേരളത്തിന്റെ തനതായ നാടന്‍ രുചി തൂശനിലയില്‍ വിളമ്പി മുന്നിലെത്തിയപ്പോള്‍ പ്രവാസിയുടെ ഓണം സമ്പൂര്‍ണമായി.

കല ആന്‍ഡ് ത്യാഗരാജന്‍ സുബ്രഹ്മണ്യന്‍, ലൌലി ആന്‍ഡ് മനോജ് ഏബ്രഹാം, സുമ ആന്‍ഡ് വില്‍സണ്‍ മാളിയേക്കല്‍, പ്രസീദ ആന്‍ഡ് ശ്രീകുമാര്‍ പുരുഷോത്തമന്‍ എന്നിവര്‍ ആതിഥേയത്വം വഹിച്ചു. കലാപരിപാടികള്‍ക്ക് രശ്മി ഏബ്രാഹം, നീന ജോര്‍ജ്, രഞ്ജു രഞ്ജിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

എസ്എംഎ സെക്രട്ടറി ജെയിംസ് കുഴിപ്പള്ളില്‍ സ്വാഗതവും ട്രഷറര്‍ രാജീവ് വെങ്കിട്ടരാമന്‍ നന്ദിയും പറഞ്ഞു.