എയര്‍ ഇന്ത്യഎക്സ്പ്രസ് : സൌജന്യ ബാഗേജും പ്രവാസി സംഘടനകളുടെ നിസംഗതയും
Saturday, September 13, 2014 9:14 AM IST
മസ്കറ്റ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഗള്‍ഫ് സെക്ടറുകളില്‍ നിന്നും അനുവദിച്ചു പോന്ന 30 കിലോ സൌജന്യ ബാഗേജ് അലവന്‍സ് പുനസ്ഥാപിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നു.

ഇന്ത്യയില്‍ നിന്ന് അനുവദിക്കുന്ന 20 കിലോ 30 ആക്കണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് ഗള്‍ഫില്‍ നിന്നും നല്‍കുന്ന ബാഗേജ് സൌജന്യവും വെട്ടി ചുരുക്കിയത്. നിലവില്‍ 500 രൂപയ്ക്കു താഴെ അധികമായി അടച്ച് 10 കിലോ സാധനങ്ങള്‍ കൊണ്ടുപോകാവുന്നത് കുറച്ചു യാത്രക്കാര്‍ക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ വിമാന കമ്പനി ആയ ജെറ്റ് എയര്‍വെയ്സ്, ഷാര്‍ജയുടെ സ്വന്തം കമ്പനി ആയ എയര്‍ അറേബ്യ, ഒമാന്‍ എയര്‍ തുടങ്ങി എല്ലാ വിമാന കമ്പനികളും ഇന്ത്യയിലേക്കും തിരിച്ചും 30 കിലോ അനുവദിക്കുമ്പോഴാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ കുറഞ്ഞ ബാഗേജ് അലവന്‍സ് നല്‍കി ചൂഷണം ചെയ്യുന്നത്.

ബഹറിന്‍ കമ്പനിയായ ഗള്‍ഫ് എയര്‍, ലങ്കയുടെ ശ്രീലങ്കന്‍ എയര്‍ തുടങ്ങി മിക്ക
കമ്പനികളും തിരക്കില്ലാത്ത സമയങ്ങളില്‍ 40 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും അനുവദിക്കുമ്പോഴാണ് എക്സ്പ്രസ് യാത്രക്കാരെ ചൂഷണം ചെയ്യുന്നത്.

കൂടാതെ മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ സാക്ഷാല്‍ എയര്‍ ഇന്ത്യ തന്നെ കുറഞ്ഞ നിരക്കില്‍ 40 കിലോ ബാഗേജ് സൌജന്യം നല്‍കുന്നുവെന്നറിയുമ്പോഴാണ് മലയാളിയെ കുറഞ്ഞ ചിലവില്‍ യാത്ര എന്ന പേരില്‍ എക്സ്പ്രസ് അധികൃതര്‍ പിഴിയുന്നുവെന്നുള്ള സത്യം വെളിപ്പെടുന്നത്.

ഇതിനിടയില്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇക്കാര്യത്തിലുള്ള നിസംഗതാ മനോഭാവം അസംഘടിതരായ പ്രവാസികളെ ചൊടിപ്പിച്ചിട്ടുണ്ട്. കുറച്ചുപേര്‍ക്ക് ആളാകാനും ഡാന്‍സിനും കൂത്തിനും മാത്രമായി പല സംഘടനകളും തരം താഴ്ന്നതായാണ് ഇതുസംബന്ധിച്ച ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം