കോര്‍ക്കില്‍ 'സൌഹൃദത്തിന്റെ ഓണം' ആഘോഷിച്ചു
Saturday, September 13, 2014 9:13 AM IST
കോര്‍ക്ക്: വേള്‍ഡ് മലയാളി കൌണ്‍സിലും (ഡബ്ള്യുഎംസി) കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി നടത്തിയ 'സൌഹൃദത്തിന്റെ ഓണം' കോര്‍ക്കിലെ നാനാജാതി മതസ്ഥര്‍ ഒരുമനസോടെ പങ്കെടുത്ത് ചരിത്ര മുഹൂര്‍ത്തമായി.

രാവിലെ പൂക്കളം ഒരുക്കിയും തുടര്‍ന്ന് കുട്ടികകളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തങ്ങളായ കായികപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ദുബ്ളിനിലെ റോയല്‍ കാറ്ററേഴ്സ് ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യക്കുശേഷം മാവേലിയുടെ ആഗമനത്തോടെ കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വളരെ ഊര്‍ജസ്വലമായ നൃത്തവും സ്കിറ്റും, ധര്‍മേന്ദ്ര ഡാന്‍സ് സ്കൂളിന്റെ പവര്‍ ഫുള്‍ ബോളിവുഡ് ഡാന്‍സും കോര്‍ക്കിലെ യുവ തലമുറയുടെ ഫ്യൂഷന്‍ ഡാന്‍സും കോന്റെമപോരരി ഡാന്‍സും ആസ്വാദകരുടെ കൈയടി നേടി. ലീവിംഗ് സെര്‍ട്ട് പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങി വിജയം വരിച്ച കിരണ്‍ ഷാജു, സിയ സിറിയക്, റോഷന റോബിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്ക് പ്രസിഡന്റ് ഹാരി തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സന്‍ജിത് ജോണ്‍ എല്ലാ മലയാളികള്‍ക്കും ഈ സംരംഭം വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദി പറഞ്ഞതോടെ ആഘോഷപരിപാടികള്‍ക്ക് പര്യവസാനമായി.