ഡ്യൂസല്‍ഡോര്‍ഫില്‍ തിരുവോണാഘോഷം ആഘോഷിച്ചു
Saturday, September 13, 2014 9:12 AM IST
ഡ്യൂസല്‍ഡോര്‍ഫ്: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായ ഡ്യൂസല്‍ഡോര്‍ഫ് കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിച്ചു. സെപ്റ്റംബര്‍ ആറിന് (ശനി) വൈകുന്നേരം നാലിന് ഫാ.തോമസ് ചാലില്‍ സിഎംഐ, ഫാ. പയസ് അലക്സ് എന്നിവരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി.

ജര്‍മനിയിലെ മൂന്നാം തലമുറക്കാരനായ നോബിള്‍ കോയിക്കേരില്‍ കീബോര്‍ഡില്‍ വായിച്ച താളലയസാന്ദ്രതയില്‍ എസ്ഡി സിസ്റേഴ്സ്, വില്യം പത്രോസ്, അര്‍ച്ചന ടിനീഷ്, പൌലോസ് മറ്റത്തില്‍ എന്നിവര്‍ പങ്കെടുത്ത കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി. വിവേക്, ആകാശ് ഇടശേരില്‍ എന്നീ കുട്ടികള്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായിരുന്നു.

ദിവ്യബലിയെ തുടര്‍ന്ന് കൊച്ചുകുരുന്നുകളായ കോയിക്കേരില്‍ നോയല്‍, നോബിള്‍, നേഹ എന്നിവര്‍ ആലപിച്ച പ്രാര്‍ഥനാ ഗീതത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമായി.

ആഘോഷത്തില്‍ വിശിഷ്ടാതിഥികളായ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.സേവി മാടപ്പള്ളില്‍ സിഎംഐ, ഫാ.തോമസ് ചാലില്‍ സിഎംഐ, ഫാ.പയസ് അലക്സ് എന്നിവര്‍ക്കു പുറമെ സാബു കോയിക്കേരില്‍, ബെന്നിച്ചന്‍ കോലത്ത്, റെജീന മറ്റത്തില്‍, ഡെന്നി കരിമ്പില്‍, എല്‍സി വേലൂക്കാരന്‍, ലാലി ഇടശേരില്‍, ഹാനോ മൂര്‍ കടുത്താനം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

വിവിധ കലാപരിപാടികളില്‍ മാവേലിയുടെ എഴുന്നെള്ളത്ത്, തിരുവാതിര, പുലികളി, സംഘഗാനം തുടങ്ങിയവ ആഘോഷത്തെ വര്‍ണാഭമാക്കി. ജാക്സണ്‍ ഫിലിപ്പ്, ഷിബു കോയിക്കേരില്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പുലികളിയില്‍ ഗണേഷ് സുബു, ടിം വെന്‍ട്സ്ലെഫ്, മനീഷ് പത്രോസ്, നോബിള്‍, റിനീറ്റ റിജു, നേഹ, ആകാശ്, വിവേക് ഇടശേരില്‍ എന്നീ കൊച്ചുപുലികളുടെ പ്രകടനം സദസിനെ ആകര്‍ഷിച്ചു.

ബോസ്, ഷിന്റോ, മണി മഠത്തില്‍ എന്നിവര്‍ ചെണ്ടയില്‍ മുഴക്കിയ മേളപ്പെരുമയില്‍ തിരുവാതിര മങ്കമാരുടെ താലപൊലിയകമ്പടിയില്‍, നോയല്‍ കോയിക്കേരില്‍ മാവേലിയെ വേദിയിലേയ്ക്ക് എഴുന്നെള്ളിച്ചു.

മാവേലിയായി വേഷമണിഞ്ഞെത്തിയ സണ്ണി വേലൂക്കാരന്‍ ഓണസന്ദേശം നല്‍കി.

ജെസി വെന്‍ട്സ്ലെഫ് നേതൃത്വം നല്‍കിയ നൊയസ് മലയാളം സ്കൂള്‍ ടീം അവതരിപ്പിച്ച തിരുവാതിരകളിയില്‍ മോളി കോട്ടേക്കുടി, ദീപ മണ്ണില്‍, ധന്യ കോയിക്കേരില്‍, ഇന്ദു മഠത്തില്‍, മേഴ്സി സോളമന്‍, അമ്പിളി ഗുണശേഖര്‍, ഇന്ദു അനൂപ്, ഏലിക്കുട്ടി ചദ്ദ, റെജീന മറ്റത്തില്‍ എന്നിവര്‍ പങ്കെടുത്തു. ചാലില്‍ അച്ചനു പുറമെ ഇഗ്നേഷ്യസച്ചന്‍ ഗാനരൂപത്തിലാണ് ഓണസന്ദേശം നല്‍കിയത്. നൊയസ് മലയാളം സ്കൂള്‍ കുട്ടികളായ മേഘ മഠത്തില്‍, പ്രിയ മണ്ണില്‍, തുളസി ഗുണശേഖര്‍ എന്നിവരുടെ നൃത്തം ഓണസ്മൃതികളുടെ ഗൃഹാതുരത്വമുണര്‍ത്തി. വില്യം പത്രോസ് നേതൃത്വം നല്‍കിയ സംഘഗാനത്തില്‍ നേഹ, നോബിള്‍, നോയല്‍, ധന്യ, സൌമ്യ കോയിക്കേരില്‍ എന്നിവര്‍ പങ്കാളികളായി.

ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ലീബ ചിറയത്തും മൂന്നാം തലമുറക്കാരിയായ ഇഷാനി ചിറയത്തും കൂടി അവതരിപ്പിച്ച നൃത്തം മനോഹരവും ശ്രേഷ്ഠവുമായിരുന്നു. നേഹ, നോയല്‍ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ്, അമ്മിണി കോയിക്കരയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഘഗാനത്തില്‍ മോളി കോട്ടേക്കുടി, ഏലിയാക്കുട്ടി, ഫിലോ തടത്തില്‍, മേരി പത്രോസ്, മേരി ക്രീഗര്‍, വില്യം പത്രോസ് എന്നിവര്‍ പങ്കെടുത്തു.

ബോസ്, ബ്രൂക്ക്സ് വര്‍ഗീസ്, ഷിന്റോ, പൌലോസ് എന്നിവര്‍ നടത്തിയ വാദ്യസംഗീതം ഇമ്പത്തില്‍ മാത്രമല്ല താളത്തിലും ലയത്തിലും ഏറെ മികച്ചതായി. വില്യം പത്രോസ് നേതൃത്വം നല്‍കിയ വഞ്ചിപ്പാട്ടിന് ഡ്യൂസല്‍ഡോര്‍ഫ് യുവതലമുറ താളമേള ആരവം ഉണര്‍ത്തി ധന്യമാക്കി. കലാപരിപാടികളില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്ക് ഇഗ്നേഷ്യസച്ചനും സാബുവും സമ്മാനങ്ങള്‍ നല്‍കി.

കുടുംബകൂട്ടായ്മ പ്രസിഡന്റ് സാബു കോയിക്കേരില്‍ സ്വാഗതവും സെക്രട്ടറി റെജീന മറ്റത്തില്‍ നന്ദിയും പറഞ്ഞു. കള്‍ച്ചറല്‍ സെക്രട്ടറി ഡെന്നി കരിമ്പില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയോടെ ഇരുപത്തിയൊന്‍പതാമത് ഓണാഘോഷത്തിന് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍