ജുമുഅ നിസ്കാരത്തിനെത്തിയ തീര്‍ഥാടകര്‍ക്ക് ആര്‍എസ്സി സന്നദ്ധ സേവകരുടെ സേവനം അനുഗ്രഹമായി
Saturday, September 13, 2014 9:11 AM IST
മക്ക: ജുമുഅ നിസ്കരത്തിനായി ഹറം പള്ളിയിലെത്തിയ തീര്‍ഥാടകര്‍ക്ക് ആര്‍എസ്സി വോളന്റിയര്‍മാരുടെ സേവനം അനുഗ്രഹമായി. പ്രത്യേകിച്ച് അസീസിയയില്‍ നിന്നെത്തിയ ഹാജിമാര്‍ക്ക്. അസീസിയില്‍ താമസിക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹറമിലേക്ക് വരുന്നതിനും പോകുന്നതിനും ഒരുക്കിയിട്ടുള്ള വാഹന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു പരിശ്രമിച്ച ആര്‍എസ്സി വോളന്റിയര്‍മാരെ പോലീസും തീര്‍ഥാടകരും പ്രത്യേകമായി അഭിനന്ദിച്ചു. വെള്ളിയാഴ്ച ദിവസത്തെ തിരക്ക് പരിഗണിച്ച് ആര്‍എസ്സി സന്നദ്ധ സേവകന്മാര്‍ ഹറമിന്റെ പ്രധാന വാതിലുകള്‍ക്ക് പുറത്തും ഹറം പരിസരത്തും വളരെ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. ജുമുഅ നിസ്കാരം കഴിഞ്ഞ ഉടന്‍ ആയിരക്കണക്കിന് ഹാജിമാരാണ് അസീസിയയിലെക്ക് പോകാനായി അജിയാദ് ബസ്സ്റേഷനില്‍ എത്തിയത്. വാഹന ഗതാഗതവും ഹജിമാരുടെ തിരക്കും നിയന്ത്രിക്കാന്‍ പോലീസും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ വോളന്റിയര്‍മാരും ആര്‍എസ്സി സന്നദ്ധ സേവകരും കഠിന പരിശ്രമം നടത്തി. നിസ്കാരം കഴിഞ്ഞ് എങ്ങോട്ട് പോകണമെന്ന് അറിയാതെ തിരക്കിലൂടെ ഒഴുകിയെത്തിയ ഹാജിമാരെ ബസ് സ്റേഷനുകളിക്ക് തിരിച്ചു വിടാന്‍ വിവിധ ഭാഷകളില്‍ പ്രവീണ്യം നേടിയ വോളന്റിയര്‍മാര്‍ പരിശ്രമിച്ചത് തീര്‍ഥാടകര്‍ക്കും പോലീസിനും ആശ്വാസമായി. അത്യുഷ്ണത്തില്‍ ബസ് കാത്തു നിന്ന ഹാജിമാര്‍ക്ക് കുടിവെള്ളവും ശീതള പാനീയവും വോളന്റിയര്‍മാര്‍ വിതരണം ചെയ്തു. ആര്‍എസ്സി വോളന്റിയര്‍ പ്രതിനിധികളായ ബഷീര്‍ മുസ്ലിയാര്‍ അടിവാരം, സിറാജ് വില്യാപള്ളി, മുസ്തഫ കാളോത്ത്, അഷ്റഫ് ചെമ്പന്‍, അലി പുളിയക്കോട്, ഹസന്‍ പരപ്പനങ്ങാടി, ബഷീര്‍ ഹാജി നിലമ്പൂര്‍, ശറഫുദ്ദീന്‍ വടശേരി എന്നിവരാണ് ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍