ലിവര്‍പൂള്‍ ഒരുങ്ങി: ലിമയുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14ന്
Saturday, September 13, 2014 9:06 AM IST
ലിവര്‍പൂള്‍ (ലണ്ടന്‍): ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ (ലിമ) പൊന്നോണം സെപ്റ്റംബര്‍ 14ന് (ഞായര്‍) തിരി തെളിയുന്നു.

ലിവര്‍പൂള്‍, ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ച്ചറല്‍ പാര്‍ക്കില്‍ രാവിലെ 11 ന് തുടങ്ങി രാത്രി എട്ടോടെ അവസാനിക്കുന്ന ലിമയുടെ ഓണാഘോഷങ്ങള്‍ക്ക് ലിവര്‍പൂള്‍ മലയാളികള്‍ ഒന്നടങ്കം എത്തിചേരുന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നും ലിവര്‍പൂളിലെ മലയാളികള്‍ക്കായി കാഴ്ചവയ്ക്കുന്ന ലിമ ഈ വര്‍ഷവും വളരെ വ്യത്യസ്തമായ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ 11 ന് വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിക്കും. തുടര്‍ന്ന് ലിവര്‍പൂളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാം വളരെ ശ്രദ്ധേയമായ ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. സ്വാതി സ്കൂള്‍ ഓഫ് ഡാന്‍സും ഇന്ത്യന്‍ ഡാന്‍സ് അക്കാഡമിയും കൈകോര്‍ക്കുന്ന വിവിധയിനം ഡാന്‍സ് പ്രോഗ്രാമുകള്‍ കണ്ണിനും കാതിനും കുളിര്‍മയേകുന്ന ഒന്നായിരിക്കും. കുട്ടികള്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് എക്കാലവും ലിമയുടെ പ്രത്യേകത തന്നെയാണ്.

ലിവര്‍പൂളിലെ എല്ലാ മലയാളി കുടുംബങ്ങളെയും ലിമയുടെ ഓണാഘോഷങ്ങളിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം ചെയ്തു. പ്രോഗ്രാമിനുവേണ്ടിയുള്ള ഏതാനും ടിക്കറ്റുകള്‍ മാത്രമേ വില്‍പ്പനയ്ക്കായി അവശേഷിക്കുന്നുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ദിനൂപ് (സെക്രടറി) 07917222646, ഷാജു ഉതുപ്പ് (പ്രസിഡന്റ്) 07931591307.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍