ഡാളസ് സൌഹൃദവേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 20ന്
Saturday, September 13, 2014 9:06 AM IST
ഡാളസ്: പ്രവസി മലയാളി മനസുകളില്‍ പുത്തന്‍ ആശയവും പ്രതീക്ഷകളും വാരി വിതറി ജാതി, മത, ഭേദമെന്യേ ഡാളസ് സൌഹൃദവേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 20 ന് (ശനി) ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത നോവലിസ്റ് കൊല്ലം തെല്‍മ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ഡാളസിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകളുടെ നൃത്ത പ്രകടനങ്ങള്‍ ഡാളസ് സൌഹൃദവേദിയുടെ ഓണാഘോഷ വേളയില്‍ അരങ്ങേറും.കണ്ണുകള്‍ക്ക് പുതുമയും മനസുകള്‍ക്ക് കുളിര്‍മയും പകരുന്ന നൃത്ത സംഗീത മേളയിലൂടെ ഡാളസ് സൌഹൃദവേദിയുടെ ഈവര്‍ഷത്തെ ഓണാഘോഷം പൊടിപൊടിക്കും.

താലപൊലി എന്തിയ ബാലിക ബാലന്മാരുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ എത്തുന്ന മഹാബലിയെ സദസ് ഹര്‍ഷാരവത്തോടുകൂടി സ്വീകരിക്കും. മഹാബലിയുടെ സന്ദേശം സദസിനു വിളമ്പുന്നതോടുകൂടി കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കും.

പ്രവാസി മലയാളികളുടെ സ്നേഹാദരവുകള്‍ പിടിച്ചു പറ്റിയ പ്രിയപ്പെട്ട എഴുത്തുകാരിയും കലാ സ്നേഹിയുമായ മീനു എലിസബത്തും ഗ്രൂപ്പും അവതരിപ്പിക്കുന്ന തിരുവാതിര ആഘോഷപരിപാടികള്‍ക്ക് മാറ്റു വര്‍ധിപ്പിക്കും.

ഷൈനി ഫിലിപ്പ് നയിക്കുന്ന റിഥം സ്കൂള്‍ ഓഫ് ഡാളസിലെ ബാലിക ബാലന്മാരും ഹന്നാ ജോണ്‍ നയിക്കുന്ന ഗാര്‍ലന്‍ഡ് ഇന്‍ഫ്യുഷഡ് പെര്‍ഫോമന്‍സ് ആര്‍ട്ടിലെ പെണ്‍കുട്ടികളും അവതരിപ്പിക്കുന്ന ഏറ്റവും പുതുമയേറിയ നൃത്തങ്ങളിലൂടെ നടന പാടവം വെളിപ്പെടുത്തും.

നൃത്തത്തിലും സംഗീതത്തിലും പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന ബാല കലാതിലകങ്ങളായ നട്ടാഷ കൊക്കോടിലിന്റെയും നിഷാ കോശിയുടെയും നൃത്തങ്ങള്‍ കാണികള്‍ക്ക് പുതുമയുടെ അനുഭവങ്ങളായിരിക്കും.

സെപ്റ്റംബര്‍ 20 ന് (ശനി) രാവിലെ 9.30 ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ രണ്ടിന് സമാപിക്കും. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ഗ്രാന്‍ഡ് സ്പോണ്‍സര്‍ സി.പി ഹരിപിള്ള ആണ്. ആഘോഷ പരിപാടികള്‍ക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യ അന്നേ ദിവസം ഒരുക്കിയിട്ടുണ്ട്.

ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ