നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത വാക്കുപാലിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ട്: പ്രവാസി മലയാളി ഫെഡറേഷന്‍
Saturday, September 13, 2014 4:34 AM IST
കോട്ടയം: വര്‍ഗീയ കലാപത്തെയും, ആഭ്യന്തരപ്രശ്നങ്ങളെയും തുടര്‍ന്ന് ലിബിയയില്‍ നിന്നും ഇറാക്കില്‍ നിന്നും എല്ലാം നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയ പ്രവാസി നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത വാക്കുപാലിച്ചില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

സെപ്റ്റംബര്‍ 12ന് കോട്ടയത്തുള്ള ശാന്തിഗിരി മഠത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ പോഷക സംഘടനയായ ഗ്ളോബല്‍ പ്രവാസി മലയാളി നഴ്സസ് ആന്‍ഡ് പേരന്റ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ പ്രവാസി മലയാളി ഫെഡറേഷന്റെ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, മറ്റു മന്ത്രിമാരും ലിബിയയില്‍ നിന്നും ഇറാക്കില്‍ മടങ്ങിയെത്തിയ നഴ്സുമാര്‍ക്ക് അവരുടെ പുനരധിവാസത്തിന് വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഈ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നിറവേറ്റുന്നതിന് സര്‍ക്കാരിനായിട്ടില്ല. അതിനാല്‍ എല്ലാവരും ഒപ്പിട്ട ഒരു പരാതി സര്‍ക്കാരിനു നല്‍കുവാനും, സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനുമാണ് തീരുമാനമെന്ന് പ്രവാസി മലയാളി നഴ്സസ് ആന്‍ഡ് പേരന്റ്സ് ഫെഡറേഷന്‍ പ്രസിഡന്റ് വി.റ്റി ജെയിംസ് പറഞ്ഞു.

യോഗത്തില്‍ പ്രവാസി മലയാളി നഴ്സസ് ആന്‍ഡ് പേരന്റ്സ് ഫെഡറേഷന്‍ പ്രസിഡന്റ് സജി ഓലിക്കര, വി.ജെ സെബാസ്റ്യന്‍, കെ. ഹരിദാസ്, ജോസഫ് വാവലുമാക്കില്‍, കെ.വി പേര്‍സി, ജോസഫ് നിരവത്ത്, ഏബ്രഹാം ആലുംമൂട്ടില്‍ എന്നിവരെ കൂടാതെ പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകരും, നഴ്സുമാരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍