പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത് 53,133 കുട്ടികള്‍
Friday, September 12, 2014 8:21 AM IST
ബാംഗളൂര്‍: സംസ്ഥാനത്ത് 53,133 കുട്ടികള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിമുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എല്ലാ കുട്ടികളെയും സ്കൂളുകളില്‍ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു.

ഉത്തരേന്ത്യയില്‍നിന്നും മറ്റും കുടിയേറിയവരുടെ 30,945 ഓളം കുട്ടികളാണ് ഇത്തരത്തില്‍ പഠനം നിര്‍ത്തിയിട്ടുള്ളത്. പഠനം നിര്‍ത്തിയ 374 കുട്ടികളെ ബോര്‍ഡിംഗ് സ്കൂളുകളിലാക്കും. മൊത്തം 1.68 ലക്ഷം കുട്ടികള്‍ പഠനം നിര്‍ത്തിയെങ്കിലും സര്‍ക്കാര്‍ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായി 99,000 കുട്ടികളെ സ്കൂളുകളില്‍ തിരികെയെത്തിക്കാനായി. പാതിവഴിയില്‍ പഠനം നിര്‍ത്തിയ കുട്ടികളെ സ്കൂളുകളില്‍ തിരികെയെത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെയും മറ്റും സഹായം തേടി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റിസ് ഡി.എച്ച്. വഗേല കഴിഞ്ഞ ദിവസം സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.