ബ്രോംലിയില്‍ 'സ്നേഹോത്സവ് - 2014' ഒക്ടോബര്‍ നാലിന്
Friday, September 12, 2014 7:17 AM IST
ബ്രോംലി (ലണ്ടന്‍) : ബ്രോംലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്നേഹവീട് എന്ന കുടുംബ കൂട്ടായ്മ സ്നേഹോത്സവ് 2014 എന്ന പേരില്‍ ഒക്ടോബര്‍ നാലിന് (ശനി) വാര്‍ഷികം സംഘടിപ്പിക്കുന്നു.

ആഘോഷങ്ങളുടെ ഭാഗമായി സ്നേഹവീട്ടിലെ കുരുന്നുകളുടെയും ബറാക്ക യൂത്തിന്റെയും വിവിധതരം കലാപരിപാടികളുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചടങ്ങില്‍ ഓണസദ്യയും ബക്രീദ് ദിനവും ആഘോഷിക്കുന്നു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും സര്‍വോപരി സ്നേഹം, സാഹോദര്യം സമത്വം, സത്യം എന്ന മൂല്യങ്ങളെ സായത്തമാക്കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്നതുമാത്രമാണ് സ്നേഹവീട് എന്ന കുടുംബ കൂട്ടായ്മയുടെ ലക്ഷ്യം.

ഒക്ടോബര്‍ നാലിലെ സ്നേഹോത്സവ് പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

സ്നേഹവീടിന്റെ ആഭിമുഖ്യത്തില്‍ ഉത്രാടദിനത്തില്‍ ബെന്നി കാവുംപറമ്പിലിന്റെ വീട്ടില്‍ ഉത്രാടസദ്യ വിളമ്പി. സദ്യക്ക് മുമ്പ് ആര്‍ട്ട് ഓഫ് ലിവിംഗ് എന്ന സംഘടനയിലെ രണ്ട് പ്രതിനിധികളുടെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു മെഡിറ്റേഷന്‍ ക്ളാസ് സംഘടിപ്പിച്ചു.

ഓണസദ്യക്കു പുറമെ ഓണപാട്ടും, ആര്‍പ്പുവിളിയും കുട്ടികളുടെ ഓണകളികളും അത്തപൂക്കളവും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍