ലുക്കന്‍ ക്ളബ് ഓണാഘോഷം 13-ന്, ഫ്രാന്‍സീസ് ഫിറ്റ്സ്ജെറാള്‍ഡ് മുഖ്യാതിഥി
Friday, September 12, 2014 4:24 AM IST
ഡബ്ളിന്‍: ലൂക്കന്‍ മലയാളി ക്ളബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം 13-ന് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

അത്തപ്പൂക്കളം, കുട്ടികളുടേയും മുതിര്‍ന്നവരുടേയും കായിക മത്സരങ്ങള്‍, ഓള്‍ അയര്‍ലന്‍ഡ് വടംവലി മത്സരം, മാവേലി മന്നന് വരവേല്‍പ്, ചെണ്ടമേളം എന്നിവ ഉച്ചയ്ക്ക് മുമ്പ് നടക്കും. ഓണസദ്യയ്ക്കുശേഷം പൊതുസമ്മേളനം പ്രസിഡന്റ് ജയന്‍ തോമസ് കൊട്ടാരക്കര അധ്യക്ഷതവഹിക്കും. ജസ്റീസ് മിനിസ്റര്‍ ഫ്രാന്‍സീസ് ഫിറ്റ്സ്ജെറാള്‍ഡ് സമ്മേളനം നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യും. കൌണ്‍സിലര്‍ വില്യം ലാവന്‍ പ്രസംഗിക്കും. തുടര്‍ന്ന് തിരുവാതിര, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വഞ്ചിപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഓള്‍ അയര്‍ലന്‍ഡ് വടംവലി മത്സരത്തിന്റെ രജിസ്ട്രേഷന്‍ രാവിലെ പതിനൊന്നിന് അവസാനിക്കും. 11.30-ന് വടംവലി മത്സരം ആരംഭിക്കും.

ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജയന്‍ തോമസ്, വൈസ് പ്രസിഡന്റ് തമ്പി മത്തായി, സെക്രട്ടറി ബിജു മാടവന, ജോയിന്റ് സെക്രട്ടറി ലിജോ അലക്സ്, ട്രഷറര്‍ ജോസ് മത്തായി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്