ഡാളസില്‍ സീനിയര്‍ സിറ്റിസണ്‍സ് സംഗമം അവിസ്മരണീയമായി
Thursday, September 11, 2014 8:03 AM IST
ഡാളസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണിലെ 60 വയസിനു മുകളില്‍ പ്രായമുളളവരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10 ന് (ബുധന്‍) ഇടവകയില്‍ നടത്തിയ ഒത്തുചേരല്‍ വേറിട്ട ഒരു കാഴ്ചയായി.

സീനിയര്‍ സിറ്റിസണ്‍സ് അംഗങ്ങളായവര്‍ പരമ്പരാഗത രീതിയില്‍ തങ്ങളുടെ ഭവനങ്ങളില്‍ തയാറാക്കി വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ മലയാള നാടിന്റെ ഓര്‍മകളുണര്‍ത്തുന്ന ഗൃഹാതുരതയിലേയ്ക്കുളള യാത്രയുടെ ചടങ്ങായി മാറി.

ഒന്നൊഴിയാതെ എല്ലാ വിശേഷാവസരങ്ങളും ഒത്തൊരുമയോടെ ആഘോഷിക്കുന്നവരാണ് പ്രവാസി മലയാളികള്‍. രക്ത ബന്ധത്തേക്കാള്‍ ദൃഢമായത് സ്നേഹ ബന്ധമാണെന്ന് ഇത്തരം ഒത്തൊരുമ ഓര്‍മിപ്പിക്കാറുണ്ട്.

ഇടവക വികാരി സാം മാത്യു അച്ചന്‍, സീനിയര്‍ വൈദീകനായ മാത്യു ജോസഫ് അച്ചന്‍, സെക്രട്ടറി പി.ടി. ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ പൂക്കാലം എന്ന പേരില്‍ അറിയപ്പെടുന്ന സീനിയര്‍ സിറ്റിസണ്‍ ഫോറം മാസത്തിന്റെ രണ്ടും നാലും ബുധനാഴ്ചകളില്‍ ഒത്തുചേരുമ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഇടം നല്‍കുന്ന ചര്‍ച്ചകള്‍, സംവാദം, ബൈബിള്‍ പഠനം, വിനോദയാത്ര എന്നിവ കൊണ്ട് പുതുമ നിറഞ്ഞതാണ്.

റിപ്പോര്‍ട്ട്: ഷാജി രാമപുരം