സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഫലം പറ്റുന്നത് ജനദ്രോഹം: ശിഹാബ് കൊട്ടുകാട്
Thursday, September 11, 2014 7:57 AM IST
റിയാദ്: പൊതുസേവന രംഗത്തുള്ള സാമൂഹ്യ പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും എളിമയുടെ പര്യായമാകണമെന്നും സംശുദ്ധമായ വ്യക്തിജീവിതത്തിനുടമകളായെങ്കില്‍ മാത്രമെ അവര്‍ക്ക് സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍ സാധിക്കുകയുള്ളൂവെന്നും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.

പ്രവാസലോകത്ത് നാം ജോലി ചെയ്ത് ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ നമുക്ക് സാധിക്കണം. സ്വദേശികളുടേയും ഇവിടെ ജോലി ചെയ്യുന്ന വിദേശികളുടേയും അവകാശ സംരക്ഷണവും രാജ്യ സുരക്ഷയുമാണ് നിയമങ്ങളിലൂടെ വിവക്ഷ ചെയ്യുന്നത്. അത് ലംഘിക്കുന്നവര്‍ ഇവിടെ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും ശിഹാബ് പറഞ്ഞു. പ്രവാസി സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടി അവരില്‍ നിന്നും പ്രതിഫലം പറ്റുന്നതും അവരെ ചൂഷണം ചെയ്യുന്നതും ന്യായീകരിക്കാന്‍ സാധ്യമല്ല. അവശതയനുഭവിക്കുന്നവര്‍ക്ക് ലാഭേച്ഛ കൂടാതെ സഹായഹസ്തം നീട്ടാന്‍ പൊതുപ്രവര്‍ത്തകന്‍ തയാറാകണമെന്നും ശിഹാബ് പറഞ്ഞു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ റിവൈവ് 2014 കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനക്കളരിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശിഹാബ് കൊട്ടുകാട്.

സാമൂഹ്യ ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച ക്ളാസില്‍ അവര്‍ അറിഞ്ഞിരിക്കേണ്ടതും പിന്തുടരേണ്ടതുമായ മാതൃകകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ പണപിരിവ് നടത്തി പാവപ്പെട്ട പ്രവാസി സമൂഹത്തെ ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത കള്ളനാണയങ്ങളെ പൊതു സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടി ക്യാമ്പില്‍ ഓര്‍മപെടുത്തി. അഡ്വ. അനീര്‍ പെരിഞ്ചീരി അധ്യക്ഷത വഹിച്ച ചടങ്ങ് അല്‍ഖര്‍ജ് കെഎംസിസി സെക്രട്ടറി അസീസ് ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ ഫറോഖ്, അഷ്റഫ് മൌലവി തൈവളപ്പില്‍, അബ്ദുസമദ് കൊടിഞ്ഞി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

യൂനുസ് സലീം താഴെക്കോട്, അഷ്റഫ് കല്‍പ്പകഞ്ചേരി, അലി ഹസന്‍ മൈത്ര, അസീസ് വെങ്കിട്ട, മുജീബ് ഇരുമ്പുഴി, ഇഖ്ബാല്‍ കവന്നൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ശുഹൈബ് പനങ്ങാങ്ങര സ്വാഗതവും സാജിദ് മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍