ജര്‍മനിയില്‍ പൈലറ്റുമാരുടെ സമരം: ലുഫ്താന്‍സ വിമാനങ്ങള്‍ റദ്ദാക്കി
Wednesday, September 10, 2014 7:27 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തില്‍ പൈലറ്റുമാര്‍ സമരം ചെയ്തതിനെത്തുടര്‍ന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ് 140 വിമാന സര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കി. പെന്‍ഷന്‍ സ്കീമില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിക്കാനായിരുന്നു സമരം.

മ്യൂണിച്ചില്‍ ഇറങ്ങുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ 110 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് അധികൃതര്‍ നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍, സമരത്തിനുശേഷം വേഗത്തില്‍ തന്നെ സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നു എന്ന് ഉറപ്പാക്കാനാണ് മുപ്പതു സര്‍വീസുകള്‍ കൂടുതലായി റദ്ദാക്കിയതെന്ന് ഔദ്യോഗിക വിശദീകരണം.

വിമാനങ്ങള്‍ റദ്ദാക്കിയത് 15,300 യാത്രക്കാരെ ബാധിച്ചതായി ലുഫ്താന്‍സ വക്താവ് അറിയിച്ചു. സൂറിച്ച്, വിയന്ന, ഫ്രാങ്ക്ഫര്‍ട്ട്, ബ്രസല്‍സ് എന്നീ ലുഫ്താന്‍സ ഹബുകളിലൂടെ പോകുന്ന യാത്രക്കാരെ ബാധിക്കാത്ത തരത്തിലാണ് സര്‍വീസുകള്‍ പുനക്രമീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍