ന്യൂജേഴ്സിയില്‍ കാന്‍ജ് ഓണാഘോഷം സെപ്റ്റംബര്‍ 14 ന്
Wednesday, September 10, 2014 7:25 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) സെപ്റ്റംബര്‍ 14 ന് (ഞായര്‍) നടത്തുന്ന ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജെ. പണിക്കര്‍ അറിയിച്ചു.

നോര്‍ത്ത് ബ്രോന്‍സ്വിക് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷത്തില്‍ പഞ്ചവാദ്യമേളങ്ങളുടേയും താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും വിവിധ തനതു കേരള കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും.

രാഷ്ട്രീയ, സാമൂഹിക സിനിമാ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിനുശേഷം നടക്കുന്ന കോമഡി സ്കിറ്റ് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളില്‍ അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാര്‍ പങ്കെടുക്കും.

ഓണം കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി ഹരികുമാര്‍ രാജന്‍, മാലിനി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാന്‍ജ് ഗോട്ട് ടാലന്റ് എന്ന പ്രോഗ്രാമിലൂടെ അനേകം അമേരിക്കന്‍ മലയാളി കലാകാരന്മാരെ അമേരിക്കയില്‍ ആദ്യമായി കാന്‍ജ് ഓണം അരങ്ങിലെത്തിക്കുന്നു.

അമേരിക്കയിലെ പ്രമുഖ ഗായകരും മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും ചേര്‍ന്ന് ഒരുക്കുന്ന സംഗീത സായാഹ്നം ഓണാഘോഷത്തിനു തിളക്കമേകും

യുവ കലാകാരന്മാരെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള കാന്‍ജ് 2014 ഫോമാ കലാതിലകം സോഫിയ ചിറയിലിനെ ചടങ്ങില്‍ ആദരിക്കും. ഇത്തവണത്തെ ഓണാഘോഷ ചടങ്ങുകളില്‍ സോഫിയ ചിറയില്‍ കാന്‍ജ് ഗോട്ട് ടാലന്റിലൂടെ അരങ്ങേറ്റം നടത്തുന്നു.

ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൂടിയ ചടങ്ങില്‍ ദിലീപ് വര്‍ഗീസ്, തോമസ് മൊട്ടക്കല്‍, അനിയന്‍ ജോര്‍ജ്, കാന്‍ജ് മുന്‍ പ്രസിഡന്റ് ജിബി തോമസ്, അശ്വമേധം മധു രാജന്‍, ഏഷ്യാനെറ്റ് റീജണല്‍ ഡയറക്ടര്‍ രാജു പള്ളത്ത്, അലക്സ് കോശി, പ്രസിഡന്റ് ജെ. പണിക്കര്‍, മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ, രാജന്‍ ചീരത്ത്, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ സിനിമ സംവിധായകന്‍ ശ്യാമപ്രസാദും കാന്‍ജ് ഓണാഘോഷത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നു,

വരും ദിവസങ്ങളില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന 'ഇവിടെ' എന്ന മലയാള സിനിമയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയ ശ്യാമപ്രസാദ് കാന്‍ജിലെ കലാകാരന്മാരെ അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് സ്വാഗതം ചെയ്തു,

പ്രോഗ്രാം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കെണമെന്ന് ട്രഷറര്‍ ജെയിംസ് ജോര്‍ജ് നിര്‍ദേശിച്ചു.

സിത്താര്‍ പാലസ് ഒരുക്കുന്ന സ്പെഷല്‍ ഓണസദ്യ പരിപാടിക്ക് മാറ്റ് കൂട്ടും ജയന്‍ എം. ജോസഫ്, ആനി ജോര്‍ജ്, സണ്ണി വാളിപ്ളാക്കല്‍, സജി പോള്‍, ഷീല ശ്രീകുമാര്‍, നന്ദിനി മേനോന്‍, സോബിന്‍ ചാക്കോ, ദീപ്തി നായര്‍, അബ്ദുള്ള സയിദ്, ജോസഫ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രോഗ്രാമിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ഓണം പ്രോഗ്രാം കണ്‍വീനര്‍ സ്വപ്ന രാജേഷ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.