പെന്റിത്ത് മലയാളികളുടെ ഓണാഘോഷം ഹൃദ്യമായി
Wednesday, September 10, 2014 7:23 AM IST
പെന്റിത്ത് (ഓസ്ട്രേലിയ): പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഗൃഹാതുരമായ ഓര്‍മകളുടെ തുയിലുണര്‍ത്തലായി.

സെപ്റ്റംബര്‍ ആറിന് (ശനി) കിംഗ്സ് വുഡ് ഹൈസ്കൂളിലാണ് ആഘോഷപരിപാടികള്‍ കൂട്ടായ്മയുടെ പ്രതീകമായി സിജോ സെബാസ്റ്യന്‍, തോമസ് ജോണ്‍, ജോമോന്‍ കുര്യന്‍, ജിന്‍സ് ദേവസി, സജി ജോസഫ്, ബോബി തോമസ്, ബെന്നി ആന്റണി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ തനതായ ശൈലിയില്‍ പൂക്കളമൊരുക്കിയും ചെണ്ടമേളത്തിന്റെയും കുരവയിടിലിന്റെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ച് മലയാള മങ്കമാര്‍ അവതരിപ്പിച്ച തിരുവാതിരയും നാടന്‍ ഗാനങ്ങളും എല്ലാം ഇനിയും നഷപ്പെടാത്ത കൂട്ടായ്മയുടെ നാദമായി.

ആന്‍ തോമസ്, ആഞ്ചല ജോബി, അലീന ജോസഫ്, ഐറിന്‍ ജിന്‍സ്, ജോര്‍ജീന എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ക്ളാസിക്കല്‍ ഡാന്‍സും നമിതാ സതീഷ്, മേഘ മഹേഷ്, ടാനിയ ബക്ഷി, നവോമി സണ്ണി, മേര്‍ലി മാത്യു എന്നിവരുടെ ഭരതനാട്യം നമിതാ സതീഷ് അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവ ലാസ്യലയഭാവ മേളങ്ങളുടെ സമ്മേളന ആവിഷ്കാരമായി.

ജൂലിയ ജോമോന്‍, അല്‍നാ മരിയ റിഥോയി, വിക്ടോറിയ റോസ് സെബി, ഹോളി കുര്യാക്കോസ്, റൂത്ത് ജോസഫ്, ദിവ്യ പൌലോസ് എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം, അന്നാ മേരി ജോബിയുടെ സെമി ക്ളാസിക്കല്‍ ഡാന്‍സ്, അലീന ജോസഫ്, എയ്ഞ്ചല്‍ ജോസഫ്, അഡോണ ജോസഫ്, ഐറീന്‍ ജിന്‍സ്, ജിയാണ ബാസ്റ്യന്‍, ജോര്‍ജിന എന്നിവര്‍ അവതരിപ്പിച്ച ഡിവേഷണല്‍ ഡാന്‍സ് എന്നിവ ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ആല്‍ബര്‍ട്ട് ആന്റണി, ആബേല്‍ ആന്റണി, രാഹൂല്‍ ബോബി, റോഷന്‍ ബോബി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് ആഘോഷ പരിപാടികള്‍ക്ക് ഉത്സവഛായ പകര്‍ന്നുനല്‍കി. ആന്‍ ജോബി, ആന്‍ലിന്‍ ബിജു, അഷ്ലിന്‍ ബിജു, ഒലീവിയ ചാണ്ടി, മേഘന്‍ മാത്യു, ജസീറ മുരളീധരന്‍ എന്നിവര്‍ അവതരിപ്പിച്ച സെമി ക്ളാസിക്കല്‍ ഡാന്‍സ്, സനു ഗാര്‍ഗ്, ജോഷ് ജോമോന്‍ എന്നിവര്‍ അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ്, നീലിമ മേനകത്ത് അവതരിപ്പിച്ച സെമി ക്ളാസിക്കല്‍ ഡാന്‍സ് എന്നിവയും സദസിന്റെ കൈയടി നേടി.

ഓണത്തിന്റെ ഐതീഹ്യം വരച്ചുകാട്ടിയ ലഘുനാടകാവിഷ്കാരം അവതരണ മികവുകൊണ്ടും കുട്ടികളുടെ പ്രകടനംകൊണ്ടും അസ്വാദക ശ്രദ്ധ നേടി. ഗുരുവും ശിഷ്യന്മാരും എന്ന പേരില്‍ അഖില്‍ സിജോ, ആല്‍ബര്‍ട്ട് ആന്റണി, അഭിജിത്ത് മാളിയേക്കല്‍, സോണല്‍ സുരേഷ് എന്നിവര്‍ അവതരിപ്പിച്ച ആക്ഷേപഹാസ്യ രൂപകം സദസ്യരെ നന്നേ രസിപ്പിച്ചു.

അമ്മ എന്ന പേരില്‍ നവോമി സണ്ണി, ടാനിയ, നമിതാ സതീഷ്, മേര്‍ലി മാത്യു, മേഘ മഹേഷ്, ജൂലിയ ജോമോന്‍, നേഹ അജി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച തീം ഡാന്‍സ് കേരള സമൂഹത്തിന്റെ മാറിമറഞ്ഞുകൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങള്‍ ഭാവതീവ്രമായി വരച്ചുകാട്ടി.

ജോയി ജേക്കബ്, ജമിനി തരകന്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. മാവേലിയായി എത്തിയ ടി.ജി അജി പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ഉച്ചയ്ക്കു നടന്ന തിരുവോണ സദ്യക്ക് നാനൂറോളം പേര്‍ പങ്കെടുത്തു.

ജോംമ്സിയും ലിജിയും അവതാരകരായ പരിപാടികള്‍ക്ക് ജോമോന്‍ കുര്യന്‍ സ്വാഗതവും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബെന്നി ആന്റണി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.കെ ജോഗേഷ്