അരിസോണയിലെ ഓണാഘോഷം പ്രൌഡോജ്വലം
Wednesday, September 10, 2014 7:20 AM IST
ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്‍ ഓഗസ്റ് 31 ന് (ഞായര്‍) ഇന്തോ-അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ പൊന്നോണം ആഘോഷിച്ചു. അരിസോണയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജാതിമത ഭേദമെന്യേ നിരവധി ആളുകള്‍ പങ്കെടുത്തു.

അരിസോണ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും റോട്ടറി ഇന്റര്‍നാഷണലിന്റെ അരിസോണയിലെ ഗവര്‍ണറുമായ പോള്‍ പുളിക്കന്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) പ്രസിഡന്റ ടി.എന്‍. നായര്‍, കെഎച്ച്എന്‍എ 2015 സമ്മേളനം അധ്യക്ഷന്‍ റെനില്‍ രാധാകൃഷ്ണ, അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ആഘോഷം.

ഉച്ചകഴിഞ്ഞ് രണ്ടിന് ടി.എന്‍. നായര്‍, റെനില്‍ രാധാകൃഷ്ണ, മനു നായര്‍, രാജേഷ് ബാബാ, സുരേഷ് നായര്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് കലാ,സാംസ്കാരിക സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മനു നായര്‍ സ്വാഗതവും ടി.എന്‍. നായര്‍ സദസ്യര്‍ക്ക് ഓണാശംസകളും തുടര്‍ന്ന് ഓണ സന്ദേശവും നല്‍കി.

തുടര്‍ന്ന് കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന വിവിധ കലാ,സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. 150 ഓളം കലാകാരന്‍മാര്‍ പങ്കെടുത്ത കലാവിരുന്നും ഫ്രാന്‍സിസ്, സുരേഷ് കുമാര്‍, ഷെറി, ആനന്ദ്, പ്രകാശ്, സുരേഷ് നായര്‍, ശ്രീകുമാര്‍ കൈതവന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളവും കാവടിയാട്ടവും കാണികള്‍ ഹര്‍ഷരവത്തോടെയും ആര്‍പ്പുവിളികളോടും കൂടിയാണ് എതിരേറ്റത്. മുത്തുകുടകളുടെയും വഞ്ചിപാട്ട്, വാദ്യമേളം, താലപൊലിയേന്തിയ അംഗനമാര്‍ എന്നിവയുടെ അകമ്പടിയോടു കൂടി രാജകീയ പ്രൌഡിയില്‍ നടന്ന മാവേലി വരവേല്‍പ്പും ഘോഷയാത്രയും കാണികളെ ആവേശഭരിതരാക്കി. രമ്യ രാജുവും സംഘവും അവതരിപ്പിച്ച തിരുവാതിര, അനിതാ പ്രസീദ്, മഞ്ജു രാജേഷ്, രമ്യ അരുണ്‍കൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിച്ച വിവിധ കലോപഹാരങ്ങള്‍, വിവിധ നൃത്തവിദ്യാലങ്ങളിലെ കുരുന്നുകള്‍ അവതരിപ്പിച്ച വിവിധ നൃത്തനിര്‍ത്യങ്ങള്‍ എന്നിവ കാണികളുടെ മനം കവര്‍ന്നു. ഗായകന്‍ ദിലീപ് പിള്ള, വിജേഷ് വേണുഗോപാല്‍, ചിത്ര വൈദി, ജയകൃഷ്ണ, പദ്മാനന്ദ്, ഷിബു എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ച് ആഘോഷത്തിനു കൂടുതല്‍ ചാരുത പകര്‍ന്നു.

കൃഷ്ണകുമാര്‍ പിള്ള, ഗിരീഷ് ചന്ദ്രന്‍, സുരേഷ് കുമാര്‍, സുധീര്‍ കൈതവന, വേണുഗോപാല്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഓണസദ്യ ഒരുക്കിയത്. വേണുഗോപാല്‍ ഓണാഘോഷത്തിന്റെ സമന്വയാധികാരിയായും സ്മൃതി ജ്യോതിഷ് കലാപരിപാടിയുടെ സമന്വയാധികാരിയായും കൃഷ്ണകുമാര്‍ പിള്ള ഓണസദ്യയുടെ സമന്വയാധികാരിയായും പ്രവര്‍ത്തിച്ചു. രേഷ്മ സുരേഷ് എംസിയായിരുന്നു.

വിജേഷ് വേണുഗോപാല്‍ നന്ദി രേഖപ്പെടുത്തി. ദേശഭക്തി ഗാനത്തോടെ അരിസോണയിലെ മലയാളികള്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഓണാനുഭവം നല്‍കിയ ഉത്സവപരിപാടികള്‍ക്ക് പരിസമാപ്തിയായി.

ആഘോഷപരിപാടികള്‍ക്ക് ജിജു അപ്പുകുട്ടന്‍, സതിഷ് നാരായണ്‍, ദിലീപ് പിള്ള, ശ്യം രാജ്, ഡോ.ഹരി കുമാര്‍ കളീക്കല്‍, പ്രസീദ്, അജിത് രാധാകൃഷ്ണ, രാജേഷ്, ശ്രീകുമാര്‍ കൈതവന, ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്‍കി.