എംഎംഎഫിന്റെ ഓണാഘോഷം പ്രൌഢമായി
Wednesday, September 10, 2014 7:19 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ (എംഎംഎഫ്) ഈ വര്‍ഷത്തെ ഓണം ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവുകൊണ്ടും ഒരു ചരിത്രസംഭവമാക്കി മാറ്റുവാന്‍ ഫെഡറേഷന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

സ്പ്രിംഗ് ഡെയില്‍ ടൌണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുമ്പിലൂടെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ എത്തിയ പ്രശസ്ത സിനിമാതാരം മനോജ് കെ. ജയന്‍, കോണ്‍സല്‍ ജനറല്‍ മാനിക ജയിന്‍, വിക്ടോറിയന്‍ മള്‍ട്ടികള്‍ച്ചറല്‍ കമ്മീഷന്‍ ചിന്‍ടാന്‍, കോളിന്‍ ബ്രൂക് എംപി, വിക്ടോറിയന്‍ കാബിനറ്റ് സെക്രട്ടറി ഇന്‍കാ പെലൂച്ച്, കേസി സിറ്റി മേയര്‍ ജിയോഫ് ആബട്ട്, തോമസ് ജോസഫ് എന്നിവരെ വേദിയിലേക്ക് ആനയിച്ചു.

രാവിലെ ഓണത്തെ വരവേല്‍ക്കാന്‍ എംഎംഎഫ് ഭാരവാഹികള്‍ അത്തപൂക്കളമൊരുക്കി. തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും നടന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യക്ക് ആയിരത്തോളം പേര്‍ പങ്കെടുത്തു. എംഎംഎഫ് പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ സദ്യയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഡോ. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം കോണ്‍സല്‍ ജനറല്‍ മാനിക ജയിന്‍ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം മനോജ് കെ. ജയന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്വതസിദ്ധമായ ശൈലിയില്‍ സദസിനെ കൈയിലെടുത്തു.

സദസിലെ ഓസ്ട്രേലിയന്‍ പ്രതിനിധികളുടെ നീണ്ടനിര തദ്ദേശിയരില്‍ പുത്തനുണര്‍വേകി. എംഎംഎഫിലെ കുട്ടികളുടെ ക്ളബിന്റെ കലാപരിപാടികളായ ബാങ്കടയും സിനിമാറ്റിക് ഡാന്‍സും വളരെ ശ്രദ്ധേയമായിരുന്നു.

ഇരുപതോളം പേര്‍ നടത്തിയ എച്ച്ആര്‍ഡി കോസ്മിക്സിന്റെ ബാന്‍ഡ്, നാട്യ സുധ അക്കാഡമിയുടെ ഡാന്‍സ്, നന്ദനാലയയുടെ ഡാന്‍സ്, കലാഭവന്‍ ഡാന്‍സ് അക്കാഡമി അവതരിപ്പിച്ച ഡാന്‍സ് എന്നിവ ചടങ്ങിന്റെ മാറ്റു കൂട്ടി. എംഎംഎഫ് ജോയിന്റ് സെക്രട്ടറി രാജന്‍ വെണ്‍മണി സ്വാഗതവും ഉദയന്‍ വേലായുധന്‍ നന്ദിയും പറഞ്ഞു.

ചില്ലി ബൌള്‍ ഇവന്റ് സ്പോണ്‍സറായ ഓണാഘോഷത്തില്‍ വിക്ടോറിയന്‍ മള്‍ട്ടികള്‍ച്ചറല്‍ കമ്മീഷന്‍ പ്രധാന പ്രായോജകരായിരുന്നു. പ്ളാറ്റിനം സ്പോണ്‍സറായി പ്ളാനറ്റ് ഇന്‍ഷ്വറന്‍സ്, വി. കെയര്‍ ഡെന്റല്‍, എസ്.ജെ ബില്‍ഡേഴ്സ്, രമോണ്‍ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, വേണാട് കാറ്ററിംഗ്, പി.ജെ ഹോം ലോണ്‍സ്, ടാക്സ്പെര്‍ട്ട്, ഫ്യൂച്ചര്‍ വീനസ് മോട്ടേഴ്സ് എന്നിവരും ഓണാഘോഷത്തിന്റെ വിജയത്തിനായി മലയാളി ഫെഡറേഷനുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്